മഞ്ചേരി മെഡിക്കല്‍ കോളജ്: അംഗീകാരം പുന:സ്ഥാപിക്കാന്‍ അധികൃതര്‍ ഡല്‍ഹിയില്‍

Posted on: July 8, 2014 10:52 am | Last updated: July 8, 2014 at 10:52 am

manjeri medicalമലപ്പുറം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ച അംഗീകാരം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ കേന്ദ്ര മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറിയെ കണ്ടു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണനും സ്പെഷ്യല്‍ ഓഫീസര്‍ ഡോ. പി ജി ആര്‍ പിളളയുമാണ് സെക്രട്ടറി സഞ്ജീവ് ശ്രീവാസ്തവയെ കണ്ടത്. എം സി ഐ അധികൃതരുമായും ചര്‍ച്ച നടന്നു.
എം സി ഐ പരിശോധനയില്‍ ചൂണ്ടിക്കാണിച്ച വീഴ്ചകളും അപാകതകളും പരിഹരിച്ചത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സംഘം എം സി ഐക്ക് കൈമാറി. റിപ്പോര്‍ട്ട് അടുത്ത എം സി ഐ യോഗം പരിഗണിക്കും. ഒരാഴ്ച്ചക്കകം അംഗീകാരം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ മഞ്ചേരിയിലേക്ക് അലോട്ട് ചെയ്ത വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലാകും. ഇന്നലെ രാവിലെ പത്തോടെയാണ് കോളജ് അധികൃതര്‍ ഡല്‍ഹിയിലെ എം സി ഐ ആസ്ഥാനത്ത് എത്തിയത്.
എം സി ഐയുടെ മുന്നറിയിപ്പ് ഒരുവര്‍ഷം മുമ്പുതന്നെ ലഭിച്ചിട്ടും ആവശ്യമായ നിയമനങ്ങളും നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥയാണ് അംഗീകാരം മരവിപ്പിക്കുന്ന അവസ്ഥയുണ്ടാക്കിയത്. രണ്ടാംഘട്ടമായി നടത്തിയ മിന്നല്‍പരിശോധനയില്‍ പതിനാറോളം പോരായ്മകള്‍ എംസിഐ അക്കമിട്ട് നിരത്തി. ഒന്നാംവര്‍ഷം സൃഷ്ടിച്ച 104 അധ്യാപക തസ്തികകള്‍ 80 ശതമാനവും നികത്തിയിരുന്നില്ല. ജൂനിയര്‍, സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകള്‍ നികത്താതിരുന്നത് കിടത്തി ചികിത്സക്ക് തടസമായി. പാത്തോളജി, മൈക്രോ ബയോളജി വിഭാഗങ്ങളില്‍ ആവശ്യമായ ഉപകരണങ്ങളില്ല. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല.
നഴ്‌സിംഗ്, പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവ്, ആവശ്യമായ ടീച്ചിംഗ് ഏരിയ, കാന്‍സര്‍ കണ്ടെത്തല്‍ ക്ലിനിക്ക്, സ്പീച്ച് തൊറാപ്പി, എസ് ഐ സി യു എന്നിവയുടെ അഭാവം, വിദ്യാര്‍ത്ഥി ഹോസ്റ്റല്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് എന്നിവയും ഒരുക്കാനായിരുന്നില്ല. ലാബ് സംവിധാനങ്ങളും ഓപ്പറേഷന്‍ തിയേറ്ററുകളും ആധുനികവത്കരിക്കാനായില്ല. അംഗീകാരം മരവിപ്പിച്ചതിനാല്‍ മഞ്ചേരിയിലേക്ക് അലോട്ട്‌മെന്റ് ലഭിച്ച പുതിയ ബാച്ചിന്റെ പ്രവേശന സഌപ്പ് നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറായിരുന്നില്ല. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എന്‍ട്രന്‍സ് കമ്മിഷണറുമായി ചര്‍ച്ച നടത്തിയാണ് ഒടുവില്‍ ഇക്കാര്യത്തില്‍ തീരുമാനമായത്.