അടുത്ത അമരിള്‍ഡോ ആര്?…ബ്രസീല്‍ കാത്തിരിക്കുന്നു

Posted on: July 8, 2014 1:23 am | Last updated: July 8, 2014 at 1:23 am
Amarildo
അമരിള്‍ഡോയെ പെലെ ചുംബിക്കുന്നു

1962 ലോകകപ്പിനിടെ പെലെ പരുക്കേറ്റ് പുറത്തായതോടെ ബ്രസീലിന്റെ കിരീട സാധ്യതകള്‍ക്ക് മങ്ങലേറ്റു. പക്ഷേ, അമരിള്‍ഡോ എന്ന പകരക്കാരന്‍ സ്‌െ്രെടക്കര്‍ അത്ഭുതം സൃഷ്ടിച്ചു. ഫൈനലിലെ വിജയഗോള്‍ ഉള്‍പ്പടെ മൂന്ന് ഗോളുകള്‍ നേടി അമരിള്‍ഡോ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തു. സൂപ്പര്‍ താരം നെയ്മര്‍ പുറത്തായതോടെ സമാനമായ സാഹചര്യം ബ്രസീല്‍ ക്യാമ്പില്‍ ഉടലെടുത്തിരിക്കുന്നു. അടുത്ത അമരിള്‍ഡോ ആര് ? ബ്രസീലിലെ തെരുവിലും വീടകങ്ങളിലും എസ്‌കലേറ്ററിലും ലിഫ്റ്റുകളിലുമൊക്കെ ചര്‍ച്ച ഇതാണ്. ബ്രസീലിനെ രക്ഷിക്കാന്‍ സ്‌കൊളാരിയുടെ സ്‌ക്വാഡില്‍ അമരിള്‍ഡോ പുനരവതരിക്കുമോ, മറ്റൊരാളുടെ രൂപത്തില്‍. പെലെക്ക് പകരമാകാന്‍ അമരിള്‍ഡോക്ക് സാധിക്കില്ലെന്ന ധാരണകള്‍ മാറ്റിമറിക്കപ്പെട്ടെങ്കില്‍ നെയ്മറിനും പകരക്കാരനുണ്ടാകും. ബ്രസീല്‍ ഒന്നടങ്കം നിവൃത്തിയില്ലാതെ ഉള്‍ക്കൊള്ളുന്ന ഒരു വിശ്വാസമാണിത്. വില്ലെയ്‌നും ബെര്‍നാര്‍ഡുമാണ് സ്‌കൊളാരി കാണുന്ന പകരക്കാര്‍. നെയ്മറിനെ പോലെ പന്തില്‍ മികച്ച നിയന്ത്രണവും വേഗവുമുള്ള താരമാണ് വില്ലെയ്ന്‍. ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോയുടെ പ്രധാന കളിക്കാരില്‍ ഒരാള്‍. എന്നാല്‍, കൂനിന്‍മേല്‍ കുരു എന്ന് പറഞ്ഞാല്‍ മതിയല്ലോ. പരിശീലനത്തിനിടെ വില്ലെയ്‌നും പരുക്കേറ്റു. സ്‌കൊളാരിയുടെ ടെന്‍ഷന്‍ കൂടി. പക്ഷേ, പരുക്ക് കുഴപ്പമുള്ളതല്ലെന്നും കളിക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വന്നതോടെ ആശ്വാസം. താന്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വില്ലെയ്ന്‍ അറിയിച്ചു. നെയ്മറിന് പകരക്കാരനാവുക ശ്രമകരമാണ്. എനിക്കെന്റേതായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയും, കഴിയണം വില്ലെയ്ന്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു.
നെയ്മര്‍ നഷ്ടമായത് വലിയ തിരിച്ചടിയാണ്. പക്ഷേ, ടീം അതുള്‍ക്കൊണ്ട് കഴിഞ്ഞു. അവന് വേണ്ടി ഞങ്ങള്‍ക്ക് ജയിച്ചേ തീരൂ ഈ കപ്പ് വില്ലെയ്ന്‍ പറഞ്ഞു.
ഷാക്തര്‍ ഡോനെസ്‌കിന്റെ വിംഗറായ ബെര്‍നാര്‍ഡും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. നെയ്മറെ ഓര്‍ക്കുമ്പോള്‍ നഷ്ടബോധമല്ല, പോരാട്ടവീര്യമാണ് ഓരോ ബ്രസീല്‍ കളിക്കാരനിലും നിറയുന്നതെന്ന് ബെര്‍നാര്‍ഡ്.
ചെല്‍സി താരം ഓസ്‌കറുമായി സീസണ്‍ മുഴുവന്‍ ഒപ്പം കളിച്ചു പരിചയമുള്ള വില്ലെയ്‌നാകും നെയ്മറിന്റെ സ്ഥാനത്തുണ്ടാവുക. മധ്യനിരയില്‍ ഓസ്‌കറിന്റെ വലത് ഭാഗത്തായിട്ടാണ് ചെല്‍സിയില്‍ വില്ലെയ്ന്‍ കളിക്കുന്നത്. പരസ്പരം പൊസിഷന്‍ മാറിക്കളിക്കുന്നതിലും പ്രയാസമില്ലെന്നത് കോമ്പിനേഷന്‍ മികച്ചതാക്കുമെന്ന് വില്ലെയ്ന്‍ അഭിപ്രായപ്പെടുന്നു.