സോഷ്യല്‍ മീഡിയകള്‍ വഴി ദാവൂദിനെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രമം

Posted on: July 8, 2014 1:06 am | Last updated: July 8, 2014 at 1:06 am

davood ibrahimമുംബൈ: പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്‌റാഹിമിനെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം സോഷ്യല്‍ മീഡിയകള്‍ വഴി ശ്രമം തുടങ്ങി. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കര്‍ മരിച്ചതോടെയാണ് രഹസ്യാന്വേഷണ വിഭാഗം ഫേസ്ബുക്കടക്കമുള്ള നവ മാധ്യമങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്. ദാവൂദ് ഇബ്‌റാഹിമിലേക്കുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രധാന പിടിവള്ളിയായിരുന്നു ഹസീന പാര്‍ക്കര്‍. ഇവരുടെ മരണം അന്വേഷണങ്ങള്‍ക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. ദാവൂദിന്റെ കുടുബാംഗങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതടക്കമുള്ള മാര്‍ഗങ്ങളാണ് അന്വേഷണ സംഘം അവലംബിക്കാന്‍ ആലോചിക്കുന്നത്.
ലാഹോറില്‍ കഴിയുന്ന ദാവൂദിന്റെ മകള്‍ മഹ്‌റൂഖ്, മഹ്‌റൂഖിന്റെ ഭര്‍ത്താവും മുന്‍ പാക് ക്രിക്കറ്റ് താരമായ ജാവേദ് മിയാന്‍ദാദിന്റെ മകനുമായ ജുനൈദ് മിയാന്‍ദാദ് തുടങ്ങിയവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദാവൂദിന്റെ മകളും ഭര്‍ത്താവും ഫേസ്ബുക്കില്‍ സജീവമായ വ്യക്തികളാണ്. ഇവരുടെ പ്രൊഫൈല്‍ വഴി ദാവൂദിന്റെ മറ്റ് കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാകുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
നേരത്തെ 2010 ജൂണ്‍ വരെ ദാവൂദിന്റെ കുടുബം ഫേസ്ബുക്കില്‍ സജീവമായിരുന്നു. സന്ദേശങ്ങളും ചിത്രങ്ങളും ധാരാളം അവര്‍ കൈമാറിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ചിലരുടെ പ്രൊഫൈലുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയതോടെ അക്കൗണ്ട് കൂടുതല്‍ സ്വകാര്യമാക്കുകയായിരുന്നു. ദാവൂദിന്റെ മകന്‍ മൊയിനും അടുത്ത ബന്ധുക്കളില്‍ ചിലരും തങ്ങളുടെ അക്കൗണ്ട് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു.
പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ദാവൂദിന്റെ മകള്‍ ഫേസ്ബുക്കില്‍ വീണ്ടും സജീവമായി. മഹ്‌റൂഖ് ജെ എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയ അവര്‍ തന്റെ അക്കൗണ്ടിലുള്ള കുടുംബാംഗങ്ങളുടെ ചില ഫോട്ടോകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ മാത്രമേ ഇപ്പോള്‍ മഹ്‌റൂഖിന്റെ പ്രൊഫൈലില്‍ ഉള്ളു.