Connect with us

Ongoing News

കാര്‍ഷിക സര്‍വകലാശാലയിലെ പീഡനം; തെളിവുണ്ടെന്ന് വനിതാ സെല്‍

Published

|

Last Updated

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മേധാവി സഹാധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ശരിവെച്ച് സര്‍വകലാശാല വനിതാ സെല്ലിന്റെ റിപ്പോര്‍ട്ട്. ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയുന്ന 2013ലെ കേന്ദ്ര നിയമത്തിന്റെ രണ്ടാം വകുപ്പും ഐപിസി 509 ാം വകുപ്പും പ്രകാരം ഓഫിസ് മേധാവി ഗുരുതരമായ കുറ്റം ചെയ്തതായി ജൂണ്‍ 27ന് നല്‍കിയ റിപ്പോര്‍ട്ടില്‍ വനിതാ സെല്‍ പറയുന്നു.
ആരോപണ വിധേയനായ ഓഫിസ് മേധാവിയെ സംരക്ഷിക്കാന്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലുള്ള റിപ്പോര്‍ട്ട് സര്‍വകലാശാല അധികൃതര്‍ പൂഴ്ത്തി. അധ്യാപികയുടെ പരാതി യഥാസമയം കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചിട്ടുണ്ട്.
വനിതകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം കാര്‍ഷിക സര്‍വകലാശാലയില്‍ സൃഷ്ടിച്ചിട്ടില്ല. സര്‍വകലാശാല നിയമം അനുശാസിക്കുന്നവിധം അന്വേഷണത്തിന് മുമ്പ് സസ്‌പെന്‍ഡ് ചെയ്യാതെ ആരോപണ വിധേയനായ അധ്യാപകനെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുകയായിരുന്നു. 2013ലെ കേന്ദ്രനിയമത്തിന്റെ 10 ാം വകുപ്പിന്റെ ലംഘനമാണ് ഇവരുടെ ഈ നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ മറ്റൊരു വനിതാ പ്രൊഫസറും ഈ അധ്യാപകന്‍ മോശമായി പെരുമാറിയതിനെതിരെ വനിതാ സെല്ലില്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണ വിധേയനായ ഓഫിസ് മേധാവിയെ വെള്ളാനിക്കര ഇന്‍സ്ട്രഷന്‍ ഫാമിലേക്ക് സുരക്ഷിതമായി സ്ഥലം മാറ്റുന്നതിലും ഉന്നത ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് ജൂണ്‍ ആറിനാണ് വിസി ഒപ്പിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റുകയുമായിരുന്നു. വൈസ് ചാന്‍സലറും രജിസ്ട്രാറുമടക്കം 24 പേരില്‍ നിന്ന് വനിതാ സെല്‍ മൊഴിയെടുത്തു.
അധ്യക്ഷ ഡോ. സുമ പൗലോസ്, അംഗങ്ങളായ നാന്‍സി അക്കരപ്പറ്റി, ഡോ. കെ അജിത്കുമാര്‍, ഡോ. റോസ് മേരി ഫ്രാന്‍സിസ്, ഡോ. ജലജ എസ് മേനോന്‍ എന്നിവരാണ് റിപ്പോര്‍ട്ടില്‍ ഒപ്പുവച്ചിരിക്കുന്നത്.