Connect with us

Ongoing News

കരാറുണ്ടാകാത്ത മെഡിക്കല്‍ കോളജുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവേശന കാര്യത്തില്‍ മാനേജ്‌മെന്റിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കില്ല. പുതുതായി തുടങ്ങുന്ന ഇടുക്കി, പാലക്കാട് മെഡിക്കല്‍ കോളജുകളില്‍ കൂടി ഈ വര്‍ഷം പ്രവേശം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളിലും മാനേജ്‌മെന്റുകള്‍ പ്രവേശം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സ്വാശ്രയ കോളജുകള്‍ മാനേജ്‌മെന്റ് സീറ്റിലേക്കും പ്രവേശം നടത്തുന്നില്ലെന്ന ആരോഗ്യമന്ത്രിയുടെ പരാമര്‍ശം സഭയില്‍ പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു. പ്രവേശനം നടത്തിയിട്ടുണ്ടെന്നും ഇത് തെളിയിച്ചാല്‍ മന്ത്രി രാജിവെക്കുമോയെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. പ്രവേശനം നടത്തുന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കരാറുണ്ടാക്കാത്ത കോളജുകളുടെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി തുടര്‍ന്ന് വിശദീകരിച്ചു. ഒന്‍പത് കോളജുകള്‍ കരാറിന് സന്നദ്ധമായിട്ടുണ്ട്. കാരക്കോണം മെഡിക്കല്‍ കോളജുമായി കരാറില്‍ ഒപ്പുവെച്ച് കഴിഞ്ഞു. എം ഇ എസ് മെഡിക്കല്‍ കോളജിന് സുപ്രീം കോടതി ന്യൂനപക്ഷ പദവി നല്‍കിയതിനാല്‍ അവര്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ കഴിയും.
കെ എം സി ടി, കൊല്ലം മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് ഇനിയും ചര്‍ച്ചക്ക് തയാറാകാത്തത്. മെറിറ്റ് സീറ്റില്‍ സ്വന്തം നിലയില്‍ പ്രവേശം നടത്തിയാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. പി എച്ച് സികളും സി എച്ച് സികളും പരിശോധനകള്‍ക്ക് അനുവദിക്കുന്നതും പോസ്റ്റ്‌മോര്‍ട്ടം അനുമതിയും നിഷേധിക്കും.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന പോലും സ്വാശ്രയ കോളജുകളില്‍ നടന്നിട്ടില്ല. അവര്‍ക്ക് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ക്ക് അനുമതിയും ലഭിച്ചിട്ടില്ല. അതിനാലാണ് ഈ കോളജുകളിലേക്ക് ഓപ്ഷന്‍ നല്‍കാത്തതെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലം സ്വാശ്രയകോളജുകളിലെ 676 മെറിറ്റ് സീറ്റുകള്‍ നഷ്ടപ്പെട്ടതായി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 67 പട്ടിക വിഭാഗത്തിനുള്ള സീറ്റുകളും ഇല്ലാതായി. രണ്ട് മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ വര്‍ഷം തോന്നിയത് പോലെ പ്രവേശനം നടത്താന്‍ അനുവദിച്ചത് കൊണ്ടാണ് എല്ലാകോളജുകളും ഇത്തവണ ഈ നിലയിലേക്ക് മാറിയതെന്നും കോടിയേരി ആരോപിച്ചു.
മെറിറ്റ് സീറ്റുകളിലും പ്രവേശനം നടത്താന്‍ കോളജുകള്‍ക്ക് സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ സുരേഷ് കുറുപ്പ് പറഞ്ഞു. 700 കോടി രൂപ വരെ കൊള്ള നടത്താനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനേജ്‌മെന്റുകള്‍ പറഞ്ഞത് അതേപടി അംഗീകരിച്ച് കൊണ്ടാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ജയിംസ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
75 ലക്ഷം രൂപ വരെ ഒരു സീറ്റിന് മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുകയാണെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരു ആത്മാര്‍ഥതയും ഇല്ലെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

Latest