Connect with us

Ongoing News

ലഹരി വിരുദ്ധ ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും

Published

|

Last Updated

തിരുവനന്തപുരം: ലഹരി വിരുദ്ധ ആശയങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്നു. മയക്കുമരുന്നിന് അടിമകളായ കുട്ടികളെ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കൗണ്‍സലിംഗിന് വിധേയരാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ക്ലീന്‍ ക്യാമ്പസ് സേഫ് കാമ്പസ് പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത യുവജന സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമൂഹത്തില്‍ ലഹരി വസ്തുക്കളും മയക്കുമരുന്നും വിപണനം നടത്തുന്ന ശൃംഖലകളെക്കുറിച്ചുളള വിവരങ്ങള്‍ പോലീസിനെത്തിക്കാന്‍ യുവജനസംഘടനകള്‍ നേതൃത്വപരമായ പങ്ക് വഹിക്കണം. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യുവജനസംഘടനകള്‍ പരിപാടി തയ്യാറാക്കണമെന്ന് മന്ത്രി പറഞ്ഞു. ക്ലീന്‍ ക്യാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ മമ്മൂട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഈ മാസം 21 ന് വിവിധ ഏജന്‍സികളുടെ യോഗം വിളിച്ചുചേര്‍ക്കും. യുവജന ക്ഷേമ ബോര്‍ഡിന്റെയും യുവജന കമ്മീഷന്റെയും നേതൃത്വത്തില്‍ ആഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലകളിലും ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കും. മയക്കുമരുന്ന് കൈവശം വെക്കുന്നതിലെ പരിധി സംബന്ധിച്ച് കേന്ദ്ര നാര്‍ക്കോട്ടിക് നിയമത്തിലെ വ്യവസ്ഥയില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനം ആവശ്യപ്പെടും. സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് മുക്തമാക്കുന്നതിന് കലാസാംസ്‌കാരിക സന്നദ്ധസംഘടനകളുടെ കൂടി സഹകരണത്തോടെ അടുത്ത ഒരു വര്‍ഷക്കാലം കൂട്ടായ യത്‌നമുണ്ടകണം. സ്‌കൂള്‍ തലത്തില്‍ നിന്ന് മുകളിലേക്ക് രൂപവത്കരിച്ച കമ്മിറ്റികള്‍ക്ക് സമാന്തരമായി താലൂക്ക്, ജില്ലാതലങ്ങളില്‍ യുവജന സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപവത്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 8547346600 എന്ന നമ്പരില്‍ മയക്കുമരുന്ന് ലഹരി വിപണന സംഘങ്ങളെപ്പറ്റി പോലീസിന് വിവരം നല്‍കണം.
യോഗത്തില്‍ വിവിധ യുവജനസംഘടനകളുടെ നേതാക്കള്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമവതരിപ്പിച്ചു. മന്ത്രി വി എസ് ശിവകുമാര്‍ സംസ്ഥാന പോലീസ് ചീഫ് ബാലസുബ്രഹ്മണ്യം, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.