Connect with us

Ongoing News

വിദ്യാര്‍ഥികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ലഹരി പ്രയോഗം വര്‍ധിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: മദ്യത്തിന്റേയും ലഹരിയുടേയും ഉപയോഗത്തിന് പുറമെ മണം പിടിച്ച് ലഹരിയുണ്ടാക്കുന്ന പ്രയോഗം വിദ്യാര്‍ഥികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ വര്‍ധിക്കുന്നു. ഗമ്മ്, വൈറ്റ്‌നര്‍, രാസ പദാര്‍ഥങ്ങള്‍ക്കൊണ്ടുണ്ടാക്കുന്ന പശകള്‍ എന്നിവ പ്ലാസ്റ്റ് കവറുകളിലേക്ക് ഒഴിച്ച് ദീര്‍ഘമായി ശ്വസിച്ചാണ് ലഹരി തലച്ചോറിലേക്ക് കയറ്റുന്നത്. ഇത്തരം ലഹരി ഉപയോഗം പല വിദ്യാര്‍ഥികളേയും പിടിയിലാക്കിയിട്ടുണ്ട്. മാരകമായ വിഷപദാര്‍ഥം നേരിട്ട് തലച്ചോറിേേലക്ക് വലിച്ചു കയറ്റുന്ന രീതിയിലുള്ള ഈ ലഹരി പ്രയോഗം വലിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് കൂടി ഇടവരുത്തുന്നു.
കുട്ടികള്‍ ചുറുചുറുക്ക് നഷ്ടപ്പെട്ട് വാടിത്തളരുന്ന അവസ്ഥയിലേക്ക് പെട്ടെന്ന് മാറുന്നു. തലച്ചോറിലെ നാഡീ വ്യൂഹങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ ലഹരി പ്രയോഗം ഏറ്റവും വലിയ വിപത്തായി മാറിയിട്ടുണ്ട്. ഒരു രസത്തിന് തുടങ്ങി ക്രമേണ ഇതിന്റെ ഇരകളായി മാറുന്നു. വിദ്യാലയങ്ങലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോകുന്ന ഇത്തരം വിദ്യാര്‍ഥികളെ സ്വാധീനിക്കാന്‍ ലഹരി വസ്തുക്കള്‍ നല്‍കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ബത്തേരി പോലീസിന്റെ പിടിയിലായ ഒരു വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോള്‍ ഇത്തരം ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരം ലഭിക്കുകയുണ്ടായി. സ്‌കൂളിലേക്കയക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് രക്ഷിതാക്കള്‍ കൂടുതല്‍ ബോധവാന്മാരേകേണ്ട അവസ്ഥയാണിപ്പോള്‍.