യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി വിമാനത്താവളത്തിലെത്തിക്കാന്‍ പദ്ധതി

Posted on: July 7, 2014 8:24 pm | Last updated: July 7, 2014 at 8:24 pm

dubai airportദുബൈ: 2014 അവസാനത്തോടെ ദുബൈ താമസ-കുടിയേറ്റ വകുപ്പ് അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വാങ്ങിയ ശേഷം ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന പദ്ധതിയാണിത്. യാത്രക്കാരനും 20 നിമിഷത്തിനകം ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭ്യമാകും.
പാസ്‌പോര്‍ട്ട് വിവരങ്ങള്‍, വിസാ വിവരങ്ങള്‍ തുടങ്ങിയവ വിമാനക്കമ്പനികള്‍ അയച്ചുകൊടുക്കണം. ദുബൈയില്‍ എത്താന്‍ അയോഗ്യനായ ആളാണെങ്കില്‍ താമസ-കുടിയേറ്റ വകുപ്പ് എയര്‍ലൈനെ അറിയിക്കും.
ഇത് നടപ്പാക്കാന്‍ ജീവനക്കാരുടെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ജീവനക്കാര്‍ കൂടുതല്‍ വേണ്ടിവരും. ആദ്യ ഘട്ടത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കാണ് സൗകര്യം ചെയ്യുക.
2009 മുതല്‍ ചില രാജ്യങ്ങള്‍ പദ്ധതി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷിതത്വവും മറ്റും കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കിയത്. സാങ്കേതികമായി നവീകരണവും ആവശ്യമായി വന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് നടപ്പാക്കിയിരിക്കുന്നത്. സാങ്കേതികമായ മൂന്നാക്കം മാത്രമല്ല ഇതിന് ആവശ്യം. ജീവനക്കാരുടെ വൈദഗ്ധ്യവും വിജയത്തിന് പ്രധാന ഘടകമാണ്- അല്‍ മറി പറഞ്ഞു.