വയലുകളില്‍ കീടനാശിനി പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കുന്നു

Posted on: July 7, 2014 10:38 am | Last updated: July 7, 2014 at 10:39 am

കൊല്ലങ്കോട്: കീടനാശിനി പ്രയോഗം ഗുരുതര പരിസ്ഥിതി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. നെല്‍വയലുകളിലും പച്ചക്കറി തോട്ടങ്ങളിലും നാണ്യവിള കൃഷിയിലും ഉപയോഗിക്കുന്ന കീടനാശിനികള്‍ ജലസ്രോതസുകളായ കിണറുകള്‍, കുളങ്ങള്‍, പുഴകള്‍, കനാലുകള്‍ എന്നിവയൊക്കെ മലിനമാക്കുകയാണ്. നെല്‍വയലുകളില്‍ അടിക്കുന്ന കീടനാശിനികള്‍ സമീപത്തെ കിണറുകളിലേക്കാണ് എത്തുന്നത്. പരമ്പരാഗത കൃഷിരീതി മാറിയതോടെ കൃഷിയിടത്തില്‍ രാസവളവും രാസകീടനാശിനികളും അമിതമായി ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. കീടബാധ വരുമ്പോള്‍ മാത്രം പരിമിതമായ തോതില്‍ കീടനാശിനി പ്രയോഗിക്കുകയും കാലിവളവും ജൈവവളവും ചേര്‍ത്ത ശേഷം പരിമിതമായി രാസവളം ഉപയോഗിക്കുകയും ചെയ്യുന്നതായതിരുന്നു പഴയ രീതി. ഇപ്പോള്‍ ഞാറ് പാവുന്നതിന് മുമ്പ്, നിലമൊരുക്കുമ്പോള്‍ കളനാശിനി ഉപയോഗിക്കുന്നു. നടീല്‍ മുതല്‍ കൊയ്ത്തുവരെ കളപറിച്ചുമാറ്റുന്നതിന് പകരം വീര്യം കൂടിയ കളനാശിനി രണ്ടോമൂന്നോ തവണ നെല്‍വയലുകളില്‍ തളിക്കുന്നു.
കളകള്‍ നശിക്കുമെങ്കിലും ഇതെല്ലാം ഒഴുകിയെത്തുന്നത് സമീപത്തെ കിണറുകളിലും കുളങ്ങളിലും തോടുകളിലും പുഴകളിലുമാണ്. ആ വെള്ളം കുടിക്കുന്നതോടെ കൊടും വിഷം മനുഷ്യരുടെയും വീട്ട് മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ശരീരത്തിലും എത്തുന്നു.
പച്ചക്കറി കൃഷിക്കും തോട്ടവിളകള്‍ക്കും എന്‍ഡോസള്‍ഫാനോ അതിനേക്കാള്‍ വീര്യം കൂടിയ രാസകീടനാശിനികളാണ് ഉപയോഗിക്കുന്നത്. രാസവളവും രാസകീടനാശിനികളും ഉപയോഗിക്കുന്നത് നിയന്ത്രിക്കാതിരുന്നാല്‍ ‘ാവിയില്‍ ഗുരുതരമായ പരിസ്ഥിതി- ആരോഗ്യ പ്രശ്‌നമാവും ഉണ്ടാവുക.