Connect with us

Kozhikode

മഴക്കാലമായതോടെ ചുരം റോഡില്‍ യാത്രാദുരിതം

Published

|

Last Updated

താമരശ്ശേരി: മഴക്കാലം ആരംഭിച്ചതോടെ വയനാട് ചുരത്തിലൂടെയുള്ള യാത്ര ദുസ്സഹമായി. മഴവെള്ളം റോഡിലൂടെ കുത്തിയൊലിച്ചെത്തുന്നതും മരങ്ങളും മണ്ണും ദേശീയപാതയില്‍ പതിക്കുന്നതുമാണ് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നത്.
ചുരത്തില്‍ ഒന്നാം വളവ് മുതല്‍ വ്യൂപോയിന്റ് വരെയുള്ള ഭാഗങ്ങളില്‍ മരങ്ങള്‍ റോഡിലേക്ക് പതിക്കല്‍ പതിവായിരിക്കുകയാണ്. പലപ്പോഴും വന്‍ ദുരന്തങ്ങള്‍ വഴിമാറുന്നത് തഴനാരിഴക്കാണ്. ഏത് സമയവും റോഡിലേക്ക് പതിക്കാവുന്ന വിധത്തിലുള്ള നിരവധി മരങ്ങള്‍ ചുരത്തിലുണ്ട്. ചെറിയ കാറ്റോ മഴയോ വരുമ്പോള്‍തന്നെ ഇവ റോഡിലേക്ക് പതിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
ചുരത്തില്‍ മിക്കയിടങ്ങളിലും ഓവുചാല്‍ ഇല്ലാത്തതും ഉള്ള ഓവുചാലുകള്‍ വൃത്തിയാക്കാത്തതും മഴക്കാലത്തെ ചുരം യാത്രയുടെ ദുരിതം വര്‍ധിപ്പിക്കുന്നു. പലപ്പോഴായി താഴേക്ക് പതിച്ച കല്ലും മണ്ണും മരങ്ങളും ഓവുചാലിലും റോഡിലുമായി തങ്ങിനില്‍ക്കുകയാണ്. റോഡിലേക്ക് ചാഞ്ഞ് നില്‍കുന്ന മരക്കൊമ്പുകള്‍ പല അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് അപകടത്തിനും ഗതാഗത തടസ്സത്തിനും കാരണമാകുമെങ്കിലും ഓവുചാലിലെ തടസ്സങ്ങള്‍ നീക്കാന്‍ ദേശീയപാതാ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും നടക്കുന്നില്ല.