Connect with us

Editorial

സിന്‍ജിയാംഗിലെ നോമ്പ്

Published

|

Last Updated

ലോകമാകെ മുസ്‌ലിംകള്‍ വിശുദ്ധ റമസാനില്‍ നോമ്പനുഷ്ഠിക്കുകയും നിരന്തരമായ ആരാധനകളാലും പ്രാര്‍ഥനകളാലും രാപകലുകളെ അര്‍ഥപൂര്‍ണമാക്കുകയും ചെയ്യുമ്പോള്‍ ചൈനയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ മത സ്വാതന്ത്ര്യത്തിനും വ്യക്തികളുടെ അന്തസ്സിനും വില കല്‍പ്പിക്കുന്ന മുഴുവന്‍ പേരെയും അസ്വസ്ഥമാക്കുന്നതാണ്. സിന്‍ജിയാംഗ് പ്രവിശ്യയിലെ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും നോമ്പെടുക്കുകയോ അനുബന്ധ ആരാധനകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകളില്‍ കുട്ടികള്‍ പങ്കെടുക്കരുത്. മദ്‌റസകള്‍ തുറക്കരുത്. പള്ളികളില്‍ സംഘ പ്രാര്‍ഥനകള്‍ നടത്തരുത്. ഉദ്‌ബോധന പ്രസംഗങ്ങള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കും. സര്‍ക്കാറിന്റെ പരിശോധന പൂര്‍ത്തിയായ മുസ്ഹഫ് മാത്രമേ പ്രവിശ്യയില്‍ ഉപയോഗിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാറിന്റെ തീട്ടൂരത്തിലുള്ളതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. മതസാഹിത്യങ്ങള്‍ സെന്‍സര്‍ഷിപ്പിന്റെ കത്രിക കടന്നുവേണം പുറംലോകം കാണാന്‍. പൗരന്‍മാരുടെ ആരോഗ്യത്തെക്കറിച്ചുള്ള ഉത്കണ്ഠയും തീവ്രവാദ പ്രവണതകള്‍ക്കെതിരെയുള്ള മുന്‍കരുതലുമാണത്രേ സര്‍ക്കാറിനെ ഇത്തരം വിലക്കുകള്‍ക്ക് പ്രേരിപ്പിക്കുന്നത്.
ഇതില്‍ രണ്ടാമത്തെ ഭാഗമാണ് പ്രധാനം. ഇസ്‌ലാം യഥാവിധി അനുഷ്ഠിക്കുന്നവര്‍ തീവ്രവാദികളാകാതെ തരമില്ലെന്ന സാമ്രാജ്യത്വ സമീപനം തന്നെയാണ് കമ്മ്യൂണിസ്റ്റ് ചൈനയെയും നയിക്കുന്നത്. വഴിവിട്ട പ്രവണതകളിലേക്ക് ആരെങ്കിലും വഴുതി വീഴുന്നുണ്ടെങ്കില്‍ അതില്‍ സര്‍ക്കാറിന്റെ ചെയ്തികള്‍ക്ക് എത്രമാത്രം പങ്കുണ്ടെന്ന ചിന്ത കടന്നുവരുന്നേയില്ല. പുറം ലോകത്തിന് മുന്നില്‍ മതസ്വാതന്ത്ര്യത്തിന്റെ കാവലാളായി സ്വയം അവതരിക്കുന്ന ചൈനീസ് ഭരണകൂടം സാംസ്‌കാരിക വൈജാത്യങ്ങളോട് എത്ര മാത്രം അസഹിഷണുക്കളാണെന്ന് സിന്‍ജിയാംഗ് തെളിയിക്കുന്നു. വിലക്കുകള്‍ മറികടന്ന് ഭൂരിപക്ഷം മുസ്‌ലിംകളും മതപരമായ ബാധ്യതകള്‍ നിറവേറ്റുന്നുവെന്നാണ് ഇവിടെ നിന്നുള്ള ഏറ്റവും പുതിയ റിപോര്‍ട്ട്.
16 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തെക്കുകിഴക്കന്‍ പ്രവിശ്യയാണ് സിന്‍ജിയാംഗ്. സിന്‍ജിയാംഗ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയെന്നാണ് ഔദ്യോഗിക നാമം. തുര്‍ക്കി വംശജരായ മുസ്‌ലിംകളാണ് ഇവിടുത്തെ പരമ്പരാഗത നിവാസികള്‍. സുന്നി, സൂഫി പാരമ്പര്യമുള്ള ഇവര്‍ സവിശേഷമായ സാംസ്‌കാരിക പാരമ്പര്യം പേറുന്നവരാണ്. ഈ ജനപഥത്തിന് പ്രത്യേക രാഷ്ട്രമാകാനുള്ള എല്ലാ സവിശേഷതകളുമുണ്ട്. 1949ലാണ് സിന്‍ജിയാംഗ് ഔപചാരികമായി ചൈനയോട് ചേര്‍ക്കപ്പെടുന്നത്. സ്വയംഭരണ പദവി നല്‍കിയെന്നായിരുന്നു അന്നത്തെ അവകാശവാദം. നിര്‍ബന്ധിത മതാനുഷ്ഠാനങ്ങള്‍ പോലും രഹസ്യമായി നിര്‍വഹിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു “സ്വയംഭരണം”.
1950കളില്‍ പ്രവിശ്യയുടെ സമഗ്ര വികസനത്തിനെന്ന പേരില്‍ കലര്‍പ്പില്ലാത്ത ചൈനീസ് വംശജരായ ഹാന്‍ വിഭാഗത്തെ സിന്‍ജിയാംഗിലേക്ക് കടത്തി വിട്ടിടത്ത് തുടങ്ങുന്നു സിന്‍ജിയാംഗിന്റെ ദുരവസ്ഥ. കൃത്യമായ ആഭ്യന്തര അധിനിവേശം. ഉയ്ഗൂറുകളെ സ്വന്തം മണ്ണില്‍ അന്യരാക്കാനുള്ള തന്ത്രം. സിന്‍ജിയാംഗിലെ ഫലഭൂയിഷ്ടമായ മണ്ണില്‍ ഹാന്‍ വംശജര്‍ കൃഷിയിറക്കി. മുന്‍ സൈനികരെയും അവരുടെ കുടുംബങ്ങളെയും സര്‍ക്കാര്‍ ശമ്പളം നല്‍കി സിന്‍ജിയാംഗില്‍ കുടിയിരുത്തുകയായിരുന്നു. പ്രവിശ്യയുടെ സാമൂഹിക പശ്ചാത്തലത്തില്‍ ഹാന്‍ വംശജര്‍ കടന്നുകയറി. സര്‍ക്കാര്‍ സംരക്ഷണത്തിന്റെ ഹുങ്കില്‍ അവര്‍ ഉയ്ഗൂറുകളെ ആക്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി നടന്ന സംഘം ചേരലുകള്‍ ഭീകരവാദമായി വ്യാഖ്യാനിക്കപ്പെട്ടു. സിന്‍ജിയാംഗിലെ ഏറ്റുമുട്ടലുകളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ക്രൂരമായ സമീപനങ്ങളെ ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സാംസ്‌കാരികവും മതപരവുമായ സ്വത്വം സൂക്ഷിക്കുന്ന മുസ്‌ലിംകളെ രാഷ്ട്രത്തിന് വേണ്ട. അധികാരികളെ തൃപ്തിപ്പെടുത്താനായി മതം ഉപേക്ഷിക്കുകയോ വിശ്വാസങ്ങളെ പരിഷ്‌കരിക്കുകയോ ചെയ്തവര്‍ക്കേ നിലനില്‍ക്കാന്‍ അവകാശമുള്ളൂ. ചരിത്ര ശേഷിപ്പുകള്‍ ഒന്നൊന്നായി പൊളിച്ചു നീക്കുകയാണ് സര്‍ക്കാര്‍. പുതിയ തലമുറയെയെങ്കിലും മതത്തില്‍ നിന്ന് അകറ്റണമെന്ന ദൃഢനിശ്ചയത്തിന്റെ ഭാഗമാണ് വ്രതവിരുദ്ധമായ പ്രചാരവേലകള്‍.
മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ചൈനയെ ഇടക്കിടക്ക് വിമര്‍ശിക്കുന്ന അമേരിക്കയോ മറ്റ് പാശ്ചാത്യ ശക്തികളോ എന്തിന് ഇന്ത്യ പോലും സിന്‍ജിയാംഗിലെ അതിക്രമങ്ങളെ വേണ്ട വിധം അപലപിക്കുന്നില്ല. അനുഭവിക്കുന്നത് മുസ്‌ലിംകളാകുമ്പോള്‍ അപകടകരമായ മുന്‍ധാരണകള്‍ക്ക് ഈ രാഷ്ട്രങ്ങളെല്ലാം അടിമപ്പെടുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ചൈനയുടെ കാര്യത്തില്‍ മാത്രമല്ല ഇത്. മ്യാന്‍മറിലെ റാഖിനെ പ്രവിശ്യയിലെ റോഹിംഗ്യ മുസ്‌ലിംകളും ക്രൂരമായ വിവേചനം അനുഭവിക്കുന്നു. അവിടെ ബുദ്ധ തീവ്രവാദികള്‍ നടത്തുന്ന ആട്ടിയോടിക്കലുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നുകൊണ്ടേയിരിക്കുന്നു. ശ്രീലങ്കയിലെ മുസ്‌ലിംകള്‍ക്കെതിരെയും ബുദ്ധ അതിക്രമം നടക്കുന്നു. ഈ വിവേചന ഭീകരതകള്‍ക്കെതിരെ മനുഷ്യസ്‌നേഹകളുടെ ശക്തമായ സ്വരമുയരേണ്ടതുണ്ട്. യു എന്‍ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളുടെ ശ്രദ്ധ അടിയന്തരമായി ഈ ദുരവസ്ഥയിലേക്ക് പതിയുകയും വേണം.