Connect with us

International

കെനിയയില്‍ വെടിവെപ്പ്; 29 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

നെയ്‌റോബി: കെനിയയുടെ തീരപ്രദേശത്തുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 29 പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ മാസം 65 പേര്‍ കൊല്ലപ്പെട്ട ലാമു കൗണ്ടിയിലെ ഹിന്ദി ട്രേഡിംഗ് സെന്ററിനു സമീപമായിരുന്നു ഒരു ആക്രമണം. ടാന റിവര്‍ കൗണ്ടിയില്‍ ഗാമ്പ പ്രദേശത്താണ് മറ്റൊരാക്രമണം നടന്നത്. ലാമുവില്‍ ഒമ്പത് പേരും ടാന റിവറില്‍ 20 പേരുമാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.
മുമ്പ് പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ ലാമുവിന് 15 കിലോമീറ്റര്‍ അകലെയുള്ള ഹിന്ദി ട്രേഡിംഗ് സെന്ററിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം സൊമാലിയന്‍ തീവ്രവാദ ഗ്രൂപ്പായ അല്‍ ശബാബ് ഏറ്റെടുത്തു. ഗാമ്പയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കെനിയയില്‍ തങ്ങളുടെ പോരാളികള്‍ ആക്രമണം നടത്തിയതായി സൊമാലിയയിലെ അല്‍ ശബാബ് സായുധ സംഘത്തിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണകാരികള്‍ സുരക്ഷിതരായി തിരിച്ചെത്തിയതായും ആക്രമണത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയിലുണ്ട്. ആഫ്രിക്കന്‍ യൂനിയന്‍ സേനക്കൊപ്പം കെനിയന്‍ സൈന്യം സൊമാലിയയിലെത്തിയതിന് പ്രതികാരമായി കഴിഞ്ഞ മാസവും കെനിയയില്‍ ആക്രമണം നടത്തിയെന്ന് അല്‍ ശബാബ് അവകാശപ്പെട്ടിരുന്നു.