പ്രാര്‍ഥനകള്‍ക്കൊടുവില്‍ നഴ്‌സുമാര്‍ കൊച്ചിയിലെത്തി

Posted on: July 5, 2014 12:01 pm | Last updated: July 7, 2014 at 7:49 am

Indian_nursesകൊച്ചി:മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ഇറാഖിലെ സായുധ സംഘത്തിന്റെ തടവില്‍ നിന്ന് മോചിതരായ മലയാളി നഴ്‌സുമാര്‍ കൊച്ചിയിലെത്തി.എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമായ ബോയിങ് 777ലാണ് നഴ്‌സുമാര്‍ 12 മണിയോടെ നെടുമ്പാശേരിയിലെത്തിയത്.46 മലയാളി നഴ്‌സുമാരാണ് തിരിച്ചെത്തിയത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലുള്ള സ്വീകരണത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും ഇവര്‍ വീട്ടിലേക്ക് പോകുക.
ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.10ന് പുറപ്പെട്ട വിമാനം രാവിലെ 8.45ന് മുംബൈയില്‍ എത്തി.മുംബൈയില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷം 9.50 ഓടെയാണ് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്.നഴ്‌സുമാര്‍ക്കൊപ്പം വിമാനത്തിലെത്തിയ ഇറാഖിലെ കിര്‍ക്കുക്കില്‍ നിന്ന് മടങ്ങിയ 70 പേരില്‍ 37 പേര്‍ മുംബൈയിലിറങ്ങി.23 വിമാന ജീവനക്കാരും 46 നഴ്‌സുമാരും മറ്റ് 114 പേരുമടക്കം 183 പേരുമായാണ് വിമാനം മുംബൈയിലെത്തിയത്.

സായുധ സംഘം തടവിലാക്കിയ നഴ്‌സുമാരെ മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ഇന്നലെ വൈകീട്ട് സ്ഥിരീകരിക്കുകയായിരുന്നു. തിരിച്ചെത്തുന്ന കൂടുതല്‍ പേര്‍ക്ക് ആവശ്യമാണെങ്കില്‍ ഇന്ന് നെടുമ്പാശ്ശേരിയിലെത്തുന്ന എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിക്കും. മോചനത്തിനായി ഉപയോഗിച്ച നയതന്ത്ര രീതി വെളിപ്പെടുത്താനാകില്ലെന്ന് അക്ബറുദ്ദീന്‍ പറഞ്ഞു. നഴ്‌സുമാരെ തിരിച്ചെത്തിക്കുന്നതിനായി സഊദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യു എ ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുമായി നടത്തിയ നയതന്ത്ര നീക്കങ്ങളാണ് ഫലം കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ വിളിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

oommanchandy recieves nurses
കൊച്ചിയില്‍ മടങ്ങിയെത്തിയ നഴ്സുമാരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിക്കുന്നു

അതേസമയം, ഇറാഖില്‍ ആക്രമണം നടത്തുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ എസ് ഐ എല്‍ ഇസില്‍) ബന്ദികളാക്കിയെന്ന് കരുതുന്ന 39 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ല. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.തിക്‌രീത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ ഇന്ത്യന്‍ നഴ്‌സുമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് സായുധ സംഘം വ്യാഴാഴ്ചയാണ് മാറ്റിയത്. ഇസില്‍ ശക്തികേന്ദ്രമായ മൂസ്വിലിലേക്ക് മാറ്റിയെന്നായിരുന്നു വിവരം ലഭിച്ചത്. ഐ എസ് ഐ എല്‍ തിക്‌രീത്ത് നഗരം പിടിച്ചെടുത്തതോടെ നഴ്‌സുമാര്‍ ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി മൂന്ന് ക്യാമ്പ് ഓഫീസുകള്‍ സര്‍ക്കാര്‍ തുറന്നിരുന്നു. ബഗ്ദാദ്, നജഫ്, കര്‍ബല, ബസ്‌റ എന്നീ നഗരങ്ങളിലായി ഇരുപത്തഞ്ച് ഉദ്യോഗസ്ഥന്മാരെയാണ് പ്രത്യേകം നിയമിച്ചത്.