തീവണ്ടികളില്‍ നികുതി വെട്ടിച്ച് വന്‍തോതില്‍ സാധനങ്ങള്‍ കടത്തുന്നു

Posted on: July 5, 2014 10:13 am | Last updated: July 5, 2014 at 10:13 am

trainപാലക്കാട്: തീവണ്ടികളില്‍ നികുതിവെട്ടിച്ച് വന്‍തോതില്‍ സാധനങ്ങള്‍ കടത്തുന്നു. ലക്ഷക്കണക്കിനു രൂപയുടെ സാധനസാമഗ്രികളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കടത്തുന്നത്.
ഒരു ടിക്കറ്റില്‍ 35 കിലോഗ്രാം ലഗേജ് മാത്രമേ കൈവശം വെക്കാവൂമെന്ന നിയമത്തെ മറികടന്നാണ് വന്‍തോതിലുള്ള നികുതി വെട്ടിപ്പു നടത്തി ഇത്തരത്തില്‍ സാധനങ്ങള്‍ കടത്തുന്നത്. ഇതുവഴി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം റെയില്‍വേക്ക് ഉണ്ടാകുന്നുണ്ട് റയില്‍വേയുടെ പാര്‍സല്‍ സര്‍വീസ് വഴി കടത്തുന്ന സാധനങ്ങള്‍ക്കു മാത്രമാണ് നികുതി വാങ്ങുന്നത്.യാത്രക്കാരുടെ കമ്പാര്‍ട്ടുമെന്റുവഴി സാധനങ്ങള്‍ കടത്തുന്നതുവഴിയുള്ള നികുതി നഷ്ടം വളരെയേറെയാണ്. അരി,ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കടത്തുന്നുണ്ട്.
റെയില്‍വേയുടെ പാര്‍സല്‍ സര്‍വീസ് വഴിവരുന്ന സാധനങ്ങള്‍ക്കൊപ്പം സെയില്‍സ് ടാക്‌സ് രശീതി വേണമെന്നാണ് ചട്ടം. എന്നാല്‍ കമ്പാര്‍ട്ടുമെന്റുവഴിയാവുമ്പോള്‍ ഇതിന്റെയും ആവശ്യമില്ല. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും മറ്റും സാനിധ്യം ഇല്ലാത്ത ചെറുകിട സ്‌റ്റേഷനുകളിലാണ് ഇങ്ങനെ കടത്തുന്ന സാധനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ കടത്തുന്ന സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരുള്ളതായും പറയപ്പെടുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുള്ള പാലക്കാട്,ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ കാര്യമായ പരിശോധനകളില്ലാത്തതും ഇത്തരക്കാര്‍ക്ക് ഗുണമാണ്.
ഓരോ കമ്പാര്‍ട്ടുമെന്റിലും ഒരു ടിക്കറ്റില്‍ യാത്രക്കാരന് കൈവശം വെക്കാവുന്ന ലഗേജിന്റെ തൂക്കം വ്യത്യസ്തമാണ്. എ സി ഫസ്റ്റ് ക്ലാസില്‍ 70 കിലോ- ടു ടയര്‍ എസി സ്ലീപ്പറില്‍ 50 കിലോ,ത്രി ടയര്‍ സെക്കന്‍ഡ് ക്ലാസില്‍35 കിലോ എന്നിങ്ങനെ ആണ് അനുവദനീയമായ തൂക്കം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ടുമെന്റിലാണ് നികുതി വെട്ടിച്ചുള്ള കടത്തലിന് ഏറ്റവുമധികം ഉപയോഗിക്കുന്നത്. പാഴ്‌സല്‍ സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ ലഗേജിന് മുകളില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഏഴുതണമെന്ന് ചട്ടമുണെ്ടങ്കിലും ഇതും ലംഘിക്കപ്പെടുന്നു.