മത്തായിയുടെ കുടുംബത്തിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പ്‌

Posted on: July 5, 2014 8:28 am | Last updated: July 5, 2014 at 8:28 am

താമരശ്ശേരി: കോടഞ്ചേരി തെയ്യപ്പാറ ഓലപ്പുരയില്‍ മത്തായിയുടെ കുടുംബത്തില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. ഇറാഖില്‍ വിമതരുടെ പിടിയിലായ മകള്‍ ഷിന്‍സി(24) ഇന്ന് എത്തിയേക്കുമെന്ന വാര്‍ത്ത വന്നതോടെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനും കണ്ണീരിനും അറുതിയാകുകയാണ്.
മത്തായിയുടെയും ചിന്നമ്മയുടെയും മകള്‍ ഷിന്‍സി 2013 ജൂണിലാണ് നഴ്‌സായി ഡല്‍ഹിയിലും അവിടെനിന്ന് റിക്രൂട്ട്‌മെന്റ് വഴി മറ്റ് 60 പേര്‍ക്കൊപ്പം നാല് മാസം മുമ്പ് ഇറാഖിലുമെത്തിയത്. തിക്‌രീത്തിലെ പ്രധാന ആശുപത്രിയിലായിരുന്നു ഷിന്‍സി ഉള്‍പ്പെടെ 15 പേര്‍ക്ക് ജോലി. ഏജന്റിന് രണ്ട് ലക്ഷം രൂപ കൊടുത്താണ് ജോലി നേടിയതെങ്കിലും നാല് മാസമായി ഇവര്‍ക്ക് ശമ്പളംലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ആഭ്യന്തര കലാപമുണ്ടായത്. മലയാളി നഴ്‌സുമാര്‍ ഒഴികെയുള്ളവര്‍ സ്ഥലം വിട്ടു. ഇന്ത്യന്‍ എമ്പസിയുടെ ഉറപ്പിന്‍മേലാണ് ഇവര്‍ ആശുപത്രിയില്‍ തുടര്‍ന്നത്. വിമതര്‍ തടങ്കലിലാക്കിയതിന്ന് ശേഷം എമ്പസി അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പുറത്തിറങ്ങേണ്ടെന്ന് മറുപടി നല്‍കിയതല്ലാതെ പരിസരത്ത് പോലും വന്ന് നോക്കിയില്ല. നാല് ദിവസത്തോളം ആശുപത്രിക്കുള്ളില്‍ കഴിഞ്ഞു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതിനാല്‍ വിമതര്‍ക്കൊപ്പം ബസില്‍ കയറുകയാണെന്ന് വ്യാഴാഴ്ച ഷിന്‍സി വിളിച്ചറിയിച്ചിരുന്നു. അവസാനമായി ഇന്നലെയും വിളിച്ചു. നഴ്‌സുമാരോട് മാന്യമായാണ് വിമതര്‍ പെരുമാറിയതെന്നും ഉടന്‍തന്നെ നാട്ടിലേക്ക് കയറ്റിവിടാമെന്ന് ഉറപ്പ് നല്‍കിയതായും മകള്‍ അറിയിച്ചതായി മത്തായി പറഞ്ഞു. ഇന്ന് രാവിലെ ഇവരെയും വഹിച്ചുള്ള വിമാനം കൊച്ചിയിലെത്തുമെന്ന വാര്‍ത്തയുടെ ആഹ്ലാദത്തിലാണ് ഈ കുടുംബം. ജോലിക്കെടുക്കുമ്പോള്‍ അമ്പതിനായിരം രൂപ ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തത്. എല്ലാം നഷ്ടമായെങ്കിലും മകള്‍ തിരിച്ചെത്തിയാല്‍ മതിയെന്ന പ്രാര്‍ഥനയിലാണ് കുടുംബം.