കൊളത്തൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിക്കണമെന്ന്‌

Posted on: July 5, 2014 8:05 am | Last updated: July 5, 2014 at 8:05 am

കൊളത്തൂര്‍: വിശാലമായ ഏരിയയും 19000 ഉപഭോക്താക്കളുമുള്ള കൊളത്തൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ട എസ്‌റ്റേറ്റ്, പുഴക്കാട്ടിരി, പുത്തനങ്ങാടി, കുരുവമ്പലം, വെങ്ങാട്, കൊളത്തൂര്‍ എന്നീ ആറ് ഫീഡറുകളാണ് സെക്ഷെന് കീഴില്‍ വരുന്നത് ഉപഭോക്താക്കളുടെ ബോാഹുല്യം കാരണം വൈദ്യുതി ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ സെക്ഷന് കീഴിലെ മിക്ക ഉപഭോക്താക്കള്‍ക്കും വോള്‍ട്ടേജ് ക്ഷാമമെന്ന് പരാതി.
പെട്ടന്നുള്ള വൈദ്യുതി അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ യഥാസമയം സേവനം ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ക്ക് പഴി കേള്‍ക്കേണ്ടി വരുന്നു. പ്രകൃതിക്ഷോപവും ശക്തമായ മഴയും സംഭവിക്കുമ്പോള്‍ വൈദ്യുതി തകരാറിലായാല്‍ ഒരു ദിവസം നൂറുക്കണക്കിന് പരാതികളാണന്ന് ജീവനക്കാര്‍ പറയുന്നു. മറ്റു സമയങ്ങളില്‍ ലൈനിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുതിയ പ്രവര്‍ത്തികള്‍ നടത്തുന്നതിനും ആവശ്യമായ ജീവനക്കാര്‍ ഓഫീസിലില്ല.
വൈദ്യുതിയില്ലാതിരുന്നാല്‍ നാട്ടുകാരുടെ അരിശം ഓഫീസിന് നേരെയാണ്. ലോകകപ്പ് പോലുള്ള ആവേശമത്സരങ്ങളില്‍ ജോലിക്ക് നില്‍ക്കാന്‍ ജീവനക്കാര്‍ക്ക് ഭയമാണ്. സെക്ഷന്റെ വിസ്തൃതി അനുസരിച്ച് പതിനെട്ടോളം ലൈന്മാന്മാര്‍ വേണ്ടിടത്ത് നാല് പേര്‍ മാത്രമാണുള്ളത്.
112 ട്രാന്‍ഫോര്‍മറുകളുള്ള സെക്ഷനില്‍ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കണമെങ്കില്‍ ആഴ്ച്ചകളെടുക്കും. കുറുവ, പുഴക്കാട്ടിരി, മൂര്‍ക്കനാട്, പുലാമന്തോള്‍ എന്നീ പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് ഓഫീസിന് കീഴില്‍ വരുന്നത്. പാങ്ങ് കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം ശകതമായിരിക്കുകയാണ്.