ഫോണ്‍ ചോര്‍ത്തല്‍: ആന്‍ഡി കോള്‍സന് ഒന്നര വര്‍ഷം തടവ്

Posted on: July 5, 2014 12:08 am | Last updated: July 5, 2014 at 12:08 am

Andy Coulson Boris claimലണ്ടന്‍: ഫോണ്‍ ചോര്‍ത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ന്യൂസ് ഓഫ് ദ വേള്‍ഡ് മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സന് ഒന്നര വര്‍ഷം തടവ് ശിക്ഷ. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ ഉപദേഷ്ടാവ് കൂടിയായ കോള്‍സണ്‍, കഴിഞ്ഞയാഴ്ച കുറ്റക്കാരനാണെന്ന് ഓള്‍ഡ് ബെയ്‌ലി ജൂറി കണ്ടെത്തിയിരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിലെ ശിക്ഷിക്കപ്പെടുന്ന നാല് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് കോള്‍സന്‍. അഞ്ച് ആരോപിതരില്‍ ന്യൂസ് ഇന്റര്‍നാഷനല്‍ മുന്‍ മേധാവി റബേക്ക ബ്രൂക്‌സ് കുറ്റക്കാരിയല്ലെന്ന് കഴിഞ്ഞയാഴ്ച കോടതി പ്രഖ്യാപിച്ചിരുന്നു.
മുന്‍ ചീഫ് റിപോര്‍ട്ടര്‍ നവില്ലി തള്‍ബെക്കിനും മുന്‍ ന്യൂസ് എഡിറ്റര്‍ ഗ്രെഗ് മിസ്‌കീവിന് ആറ് മാസം വീതവും മുന്‍ റിപോര്‍ട്ടര്‍ ജെയിംസ് വെതറപിന് നാല് മാസത്തെ സസ്‌പെന്‍ഷന്‍ തടവും സ്വകാര്യ അന്വേഷകന്‍ ഗ്ലെന്‍ മല്‍കേയ്‌റിന് ആറ് മാസത്തെ സസ്‌പെന്‍ഷന്‍ തടവും വിധിച്ചിട്ടുണ്ട്. വെതറപും മല്‍കേയ്‌റും 200 മണിക്കൂര്‍ നേരത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും ചെയ്യണം.
മുന്‍ ഉപദേഷ്ടാവിനെ ശിക്ഷിച്ചതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, ശിക്ഷ ശരിയാണെന്നും നീതി നടപ്പിലാക്കണമെന്നും നിയമത്തിന് ആരും അതീതരല്ലെന്നും കാമറൂണ്‍ പറഞ്ഞു. കോള്‍സനെ നിയമിച്ചതില്‍ നേരത്തെ അദ്ദേഹം ക്ഷമ ചോദിച്ചിരുന്നു.
എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ ലഭിക്കുന്നതിന് ന്യൂസ് ഓഫ് ദ വേള്‍ഡ് വര്‍ഷങ്ങളോളം ചോര്‍ത്തല്‍ നടത്തിയതായി എട്ട് മാസത്തോളം നീണ്ടുനിന്ന വിചാരണക്കിടെ വെളിപ്പെട്ടിരുന്നു. സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും കുറ്റവാളികളുടെ പോലും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ത്തല്‍ പതിവായിരുന്നു. 2000- 2006 കാലയളവിലാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നത്.
വിവാദത്തെ തുടര്‍ന്ന് 168 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് ഓഫ് ദ വേള്‍ഡ് അടച്ചുപൂട്ടേണ്ടി വന്നു. നിരവധി മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അഴിക്കുള്ളിലുമായി. 2002ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 13കാരനായ മില്ലി ഡൗളറുടെ ശബ്ദ സന്ദേശങ്ങള്‍ ന്യൂസ് ഓഫ് ദ വേള്‍ഡ് ചോര്‍ത്തിയ വാര്‍ത്ത ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ ചോര്‍ത്തലിന് ഇരകളായവര്‍ക്ക് കോടികളാണ് നഷ്ടപരിഹാരമായി നല്‍കിയത്.