Connect with us

Editorial

തൊഴില്‍ കേന്ദ്രങ്ങളിലെ ദുരിത ബാല്യങ്ങള്‍

Published

|

Last Updated

ആലുവയിലെ ഒരു മിഠായി നിര്‍മാണ കേന്ദ്രത്തില്‍ ബാലവേലക്കെത്തിയ തമിഴ്‌നാട്ടുകാരായ രണ്ട് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയുണ്ടായി. ദാരിദ്ര്യം മൂലം തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരില്‍ നിന്ന് ഏജന്റുമാര്‍ മുഖേന ആലുവായിലെത്തിയ പതിനാലുകാരനായ അന്‍പുരാജിനെയും പതിനൊന്നുകാരനായ കാര്‍ത്തികിനെയും മിഠായി നിര്‍മാണ കേന്ദ്രത്തിലെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ഓടിപ്പോകുന്നതിനിടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. നാല്‍പതോളം കുട്ടികള്‍ അവിടെ ജോലി ചെയ്തിരുന്നതായും തൊഴിലുടമകളുടെ കൊടിയ പീഡനം സഹിക്കവയ്യാതെ അവരിലേറെയും രക്ഷപ്പെടുകയായിരുന്നുവെന്നും അന്‍പുരാജും കാര്‍ത്തീസും വെളിപ്പെടുത്തുകയുണ്ടായി.
തൊഴില്‍ കേന്ദങ്ങളില്‍ രാജ്യത്തെ ബാല്യങ്ങളും കൗമാരങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് വെളിച്ചമേകുന്നതാണ് ഈ കുട്ടികള്‍ നല്‍കിയ വിവരങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേലക്കാരുള്ള രാജ്യമെന്ന “ഖ്യാതി” നേടിയ ഇന്ത്യയില്‍ 4.4 കോടി കുട്ടികള്‍ നിര്‍ബന്ധിത ബാലവേലകളിലേര്‍പ്പെടുന്നുണ്ടെന്നാണ് കണക്ക്. മറ്റെല്ലാ കുട്ടികളേയും പോലെ മാതാപിതാക്കളുടെ സ്‌നേഹം അനുഭവിക്കാനും പഠിച്ചു വളരാനും അവകാശമുണ്ടെന്ന് ഭരണഘടനയും നിയമങ്ങളും വ്യവസ്ഥ ചെയ്യുന്ന ഇവരില്‍ നല്ലൊരു പങ്കും തൊഴില്‍ കേന്ദ്രങ്ങളില്‍ പന്ത്രണ്ടും പതിനാലും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ശാരീരികവും മാനസികവുമായ ക്രുരമായ പീഡനങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നു. നിസ്സാര വേതനത്തിന് രാപകലില്ലാതെ പണിയെടുപ്പിക്കുന്ന തൊഴിലുടമകള്‍ മൂന്ന് നേരം ഭക്ഷണം പോലും അവര്‍ക്ക് നല്‍കുന്നില്ലെന്നാണ് ലഭ്യമായ വിവരം. വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും പതിനായിരക്കണക്കിന് കുട്ടികള്‍ വീട്ടുവേലക്കാരായും ഹോട്ടലുകളിലും വിവിധ കമ്പനികളിലും കൃഷിസ്ഥലങ്ങളിലും ഇവിടെയും തൊഴിലെടുക്കുകുയം പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പീഡനം അസഹ്യമാകുമ്പോള്‍ ഒളിച്ചോടുന്ന കുട്ടികള്‍ അധികൃതരുടെ പിടിയിലാകുമ്പോള്‍ മാത്രമാണ് ഇത് മാധ്യമങ്ങളില്‍ വെളിച്ചം കാണുന്നതും പുറം ലോകമറിയുന്നതുമെന്ന് മാത്രം. ഉത്തരേന്ത്യയിലെ കൊടും പട്ടിണിയും വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും അനുഭവിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള കേരളത്തിലെ അനാഥാലയങ്ങളുടെ ശ്ലാഘനീയമായ സംരംഭങ്ങളെ, ബാലപീഡനമായും തീവ്രവാദ പരിശീലനമായും ചിത്രീകരിച്ചു ആഴ്ചകളോളം പരമ്പരകളും ഫീച്ചറുകളും തയാറാക്കുന്ന സംസ്ഥാനത്തെ വാര്‍ത്താ മാധ്യമങ്ങള്‍ സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ദുരിതജീവിതം നയിക്കുന്ന ഇത്തരം കുട്ടികളുടെ കഥകള്‍ പുറത്തുകൊണ്ടു വരാന്‍ താത്പര്യം കാണിക്കാറില്ല. ബാല്യങ്ങളോടുള്ള സഹതാപത്തിനും അനുകമ്പക്കുമപ്പുറം അവരുടെ ലക്ഷ്യവും ഉദ്ദേശ്യവും വേറെ ചിലതാണല്ലോ.
ബാലവേലക്കെതിരെ രാജ്യത്ത് നിയമങ്ങളുണ്ട്. അതിന് അറുതി വരുത്തുമെന്ന പ്രഖ്യാപനം അധികാര കേന്ദ്രങ്ങളില്‍ നിന്ന് അടിക്കടി ഉയര്‍ന്നു കേള്‍ക്കാറുമുണ്ട്. എന്നിട്ടും തൊഴിലെടുക്കുന്ന കുട്ടികളുടെ എണ്ണം ഓരോ സെന്‍സസ് റിപോര്‍ട്ടിലും കൂടിവരികയാണ്. എന്തുകൊണ്ടാണ് നമ്മുടെ ബാലവേല നിര്‍മാര്‍ജന പദ്ധതികളും നിയമങ്ങളും പരാജയപ്പെടുന്നത്? രാജ്യത്തെ സാമൂഹിക ഘടകങ്ങള്‍ തന്നെ മുഖ്യകാരണം. സ്വാതന്ത്ര്യാനന്തരം 67 വര്‍ഷം കടന്നുപോയിട്ടും ജനസംഖ്യയുടെ മൂന്നിലൊന്നും കടുത്ത ദാരിദ്ര്യത്തിലാണിന്നും. കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ തൊഴില്‍ ചെയ്താലും പട്ടിണി വിട്ടുമാറാത്തവരാണ് ഉത്തരേന്ത്യയിലെ കുടുംബങ്ങളില്‍ നല്ലൊരു പങ്കും. വികസനക്കുതിപ്പില്‍ രാജ്യത്തെ ഗ്രാമങ്ങള്‍ ഒന്നൊന്നായി പട്ടണങ്ങളായി മാറുമ്പോഴും നഗരങ്ങളിലെ പിന്നാമ്പുറങ്ങളില്‍ നരകജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഇവര്‍ ദൈനംദിന ജീവിത ചെലവുകള്‍ക്ക് കഷ്ടപ്പെടുകയാണ്. വിദ്യാലയത്തിന്റെ പടികാണാത്ത ആറിനും 14നുമിടയില്‍ പ്രായമുള്ള ഇന്ത്യയിലെ 50 ദശലക്ഷത്തോളം കുട്ടികള്‍ പഠിക്കാന്‍ ആഗ്രഹിക്കാത്തവരോ, രക്ഷിതാക്കള്‍ അവരെ പഠിപ്പിച്ചു ഉന്നതരാക്കണമെന്ന് താത്പര്യമില്ലാത്തവരോ അല്ല. പക്ഷെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ഔദ്യോഗിക കണക്കനുസരിച്ചു തന്നെ രാജ്യത്തെ പതിനാറ് ശതമാനം ഗ്രാമങ്ങളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യമില്ലാത്തവയാണ്. പൊതുമുതല്‍ ധൂര്‍ത്തടിച്ചും കൊള്ളയടിച്ചും ഭരണ സിരാകേന്ദ്രങ്ങളില്‍ സുഭിക്ഷജീവിതം നയിക്കുന്നവര്‍ ചേരിപ്രദേശങ്ങളിലെയും പിന്നാക്ക മേഖലകളിലെയും അരികുവത്കരിക്കപ്പെട്ട ഇവരുടെ ജീവിതങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ ദൈന്യത അറിയാന്‍ ശ്രമിക്കാറില്ല. കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടികളുടെ ആനുകൂല്യങ്ങളും നികുതിയിളവുകളും നല്‍കുന്നതിനിടെ നാമമാത്ര തുക നീക്കിവച്ചത് കൊണ്ട് പരിഹൃതമാകുകയില്ല ഇവരുടെ കഷ്ടപ്പാടും ദുരിതങ്ങളും. ദാരിദ്ര്യം തുടച്ചു നീക്കാനും സാര്‍വത്രിക വിദ്യാഭ്യാസമെന്ന ലക്ഷ്യം സാധ്യമാക്കാനും സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു അവ സമയബന്ധിതമായി പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ ബാലവേലാ നിര്‍മാര്‍ജന സംരംഭങ്ങള്‍ ലക്ഷ്യം കാണുകയുള്ളു.

---- facebook comment plugin here -----

Latest