Connect with us

National

ഭക്ഷ്യ വിലക്കയറ്റം: സംസ്ഥാനങ്ങളെ ഉപദേശിച്ച് കേന്ദ്ര ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സൃഷ്ടിക്കുന്നത് പൂഴ്ത്തിവെപ്പുകാരെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഭയാനകമായ അവസ്ഥയില്ല. പൂഴ്ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ സംസ്ഥാനങ്ങള്‍ കര്‍ശന നടപടിയെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. എന്നിട്ടും വില വര്‍ധിക്കുന്നുവെങ്കില്‍ അതിനര്‍ഥം ഇടനിലക്കാര്‍ എവിടെയോ ഉത്പന്നങ്ങള്‍ പൂഴ്ത്തിവെക്കുന്നുണ്ടെന്നാണ്. സര്‍ക്കാറുകളുടെ പ്രവര്‍ത്തന മികവ് ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനാണ് വിനിയോഗിക്കേണ്ടത്. ഇങ്ങനെ പൂഴ്ത്തിവെച്ച ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തണം. ഇതാണ് സര്‍ക്കാറുകള്‍ക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
ചില വസ്തുക്കളുടെ വില ജൂലൈ- ഡിസംബര്‍ മാസങ്ങളില്‍ വര്‍ധിക്കുന്നത് ഒരു സ്ഥിരം പ്രതിഭാസമായിരിക്കുന്നു. ഈ വര്‍ഷത്തെ മണ്‍സൂണ്‍ മോശമാണെന്ന റിപോര്‍ട്ടുകള്‍ക്കിടെ പൂഴ്ത്തിവെപ്പുകാര്‍ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പല വസ്തുക്കളുടെയും വില കിലോഗ്രാമിന് 70 മുതല്‍ 100 വരെ രൂപ വര്‍ധിച്ചിരുന്നു. ഇത്തവണ അത്രക്ക് രൂക്ഷമല്ല വിലക്കയറ്റമെന്ന് മന്ത്രി അവകാശപ്പെട്ടു. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അവരവര്‍ വിലയിരുത്തണം. തനതായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സാധിക്കണം. ഇറാഖിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൂഡ് വില വര്‍ധിപ്പിച്ചത് പ്രശ്‌നത്തെ രൂക്ഷമാക്കുന്നുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ പണപ്പെരുപ്പ നിരക്ക് 6.01 ശതമാനം കണ്ടാണ് വര്‍ധിച്ചത്. പച്ചക്കറികളുടെയും പഴങ്ങളുടെയും ധാന്യങ്ങളുടെയും വില കുത്തനെ ഉയര്‍ന്നതാണ് കാരണം. ഇത്തരം സാഹചര്യം മറികടക്കാന്‍ കേന്ദ്ര പദ്ധതികള്‍ മാത്രം ഫലപ്രദമായിരിക്കില്ല. മറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കറുകളുടെ യോജിച്ച പോരാട്ടമാണ് വേണ്ടത്. പൊതു വിതരണ സംവിധാനം വഴി 50 ലക്ഷം ടണ്‍ അരി അധികമായി വിതരണം ചെയ്യാനും ഉള്ളിയുടെ കയറ്റുമതി വില വര്‍ധിപ്പിച്ചതും അടക്കം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ജെയ്റ്റ്‌ലി എടുത്തു പറഞ്ഞു.