Connect with us

Malappuram

നോമ്പ് തുറക്കാന്‍ പോയ വീടുകളില്‍ മോഷണം

Published

|

Last Updated

എടവണ്ണ: കാരക്കുന്ന് ഷാപ്പിന്‍കുന്നില്‍ നോമ്പ്തുറക്കാന്‍ വീട് പൂട്ടിപ്പോയ സമയത്ത് വീട്ടില്‍ നിന്നും പതിനേഴര പവനും 28000 രൂപയും മോഷണം പോയി. ആലുങ്ങല്‍ പരപ്പന്‍ അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അബ്ദുല്‍ലത്തീഫ് ഗള്‍ഫിലാണ്. ഭാര്യയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ലത്തീഫിന്റെ ഭാര്യ ഉമ്മുസല്‍മത്തും കുട്ടികളും നോമ്പ് തുറക്കാന്‍ പാണ്ടിക്കാട് സഹോദരന്റെ മകളുടെ വീട്ടില്‍പോയ സമയത്താണ് മോഷണം നടന്നത്. വൈകുന്നേരം എട്ടര മണിയോടെ ഉമ്മുസല്‍മത്ത് വീട്ടില്‍ എത്തി സ്വീകരണമുറി തുറക്കാന്‍ നോക്കുമ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടത്. വാതില്‍ തുറന്ന് അകത്ത് ചെന്നപ്പോള്‍ പിന്‍ഭാഗത്തുള്ള രണ്ട് വാതിലുകളും പൊളിച്ചു കിടപ്പുമുറിയുടെ വാതിലും അലമാരയും പൊളിച്ച നിലയില്‍ കണ്ടത്.
എടവണ്ണ എസ് ഐ കെ വി മണി, ഗ്രേഡ് എസ് ഐ ടി സുരേഷ്ബാബു, സി പി ഒ മാരായ കുരുവിള, ബിജു, ആഇശ എന്നിവരും മലപ്പുറത്തു നിന്ന് എത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധന്‍ കെ അനൂപ് ജോണ്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊര്‍ജിതമാക്കിയതായി എസ് ഐ പറഞ്ഞു.
വണ്ടൂര്‍: വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് നോമ്പുതുറക്ക് പോയ നേരം വീടിന്റെ വാതില്‍ കുത്തി തുറന്ന് മോഷണം. പുളിക്കല്‍ ഏലാട്ടുപറമ്പില്‍ അബ്ദുല്‍ലത്വീഫിന്റെ വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്താണ് മോഷണം നടന്നത്. ഈ സമയം വീട്ടുകാര്‍ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് നോമ്പുതുറക്കാന്‍ പോയതായിരുന്നു.
വൈകീട്ട് ആറരയോടെ പോയ വീട്ടുകാര്‍ രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. അലമാരയില്‍ നിന്നും മറ്റും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വൈകിയും മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണ് പോലീസ്.