Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പ്രവേശനം അനിശ്ചിതാവസ്ഥയില്‍

Published

|

Last Updated

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നഷ്ടപ്പെട്ടിട്ടും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത് വിദ്യാര്‍ഥികളെ വെട്ടിലാക്കി.
എണ്‍പത്തിരണ്ട് വിദ്യാര്‍ഥികളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പമെത്തിയ വിദ്യാര്‍ഥികളാണ് തങ്ങള്‍ക്കു പറ്റിയ ഭീമന്‍ അബദ്ധം തിരിച്ചറിഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളജിന് എം സി ഐ അംഗീകാരം ലഭിക്കാതെ വന്നാല്‍ തങ്ങള്‍ക്ക് ഹയര്‍ ഓപ്ഷനുള്ള സാധ്യത നഷ്ടപ്പെടുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. അംഗീകാരമില്ലാത്ത മഞ്ചേരി മെഡിക്കല്‍ കോളജ് എന്തിന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഇവരുടെ ചോദ്യം.
തങ്ങളെക്കാള്‍ റാങ്ക് കുറഞ്ഞ പലരും മറ്റു മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ നേടിയപ്പോള്‍, മഞ്ചേരി മെഡിക്കല്‍ കോളജ് തിരഞ്ഞെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് തങ്ങളുടെ ഉപരിപഠന സാധ്യത നഷ്ടപ്പെടുമെന്നും ഇവര്‍ ആശങ്കപ്പെട്ടു. സംഭവമറിഞ്ഞെത്തിയ എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം ആരംഭിച്ചതോടെ കൊണ്ടോട്ടി സി ഐയുടെ നേതൃത്വത്തില്‍ അന്‍പതോളം പോലീസുകാരുമെത്തി. സംഭവം വിവാദമായതോടെ സബ് കളക്ടര്‍ അമിത് മീണ സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇന്നലെ കൗണ്‍സിലിംഗിനെത്തിയ 82 വിദ്യാര്‍ഥികളും ഹയര്‍ ഒപ്ഷന് യോഗ്യരാണെന്ന് സാക്ഷ്യപത്രം നല്‍കാന്‍ തീരുമാനമായി. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഈമാസം 18ലേക്ക് മാറ്റിയതായി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണറുടെ അറിയിപ്പു ലഭിച്ചതായി വൈസ് പ്രിന്‍സിപ്പല്‍ ബീന ഫിലോമിന അറിയിച്ചു.