കലക്‌ടേറ്റില്‍ വിജിലന്‍സ് റെയ്ഡ്; കലക്ഷനാകാത്ത ഡി ഡികള്‍ കണ്ടെത്തി

Posted on: July 4, 2014 8:22 am | Last updated: July 4, 2014 at 8:22 am

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റില്‍ വിജിലന്‍സ്‌വിഭാഗം റെയ്ഡ് നടത്തി. റെയ്ഡില്‍ ബാങ്കില്‍ കലക്ഷനാവാത്ത ഡി ഡികള്‍ കണ്ടെത്തി. കലക്ടറേറ്റിലെ ഡി സെക്ഷനില്‍ ഇന്നലെ രാവിലെ 11 മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് വിജിലന്‍സ്‌വിഭാഗം റെയ്ഡ് നടത്തിയത്. ചാക്കിലാക്കി സൂക്ഷിച്ച നിലയിലാണ് ഡിമാന്റ് ഡ്രാഫ്റ്റുകള്‍ (ഡി ഡി) കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുഴമണല്‍ വില്‍പ്പന നടത്തിയ ഇനത്തിലെ പണം ഡി ഡിയായി അടച്ചതാണ് കളക്ഷനാക്കാതെ അലക്ഷ്യമാക്കി വെച്ചിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുഴമണലുമായി ബന്ധപ്പെട്ട് വില്‍പ്പന നടത്തിയ 2005 മുതലുള്ള ഡി ഡികളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. പിടിച്ചെടുത്തവയില്‍ ലക്ഷങ്ങളുടെ ഡി ഡികളാണുള്ളതെന്നാണ് സംശയിക്കുന്നത്. അനധികൃത മണല്‍ പിടികൂടിയതിന്റെ പിഴയായി ഈടാക്കിയ തുകയും പിടിച്ചെടുത്ത ഡി ഡിയിടെ കൂട്ടത്തിലുണ്ട്. വിജിലന്‍സ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഡി സെക്ഷനിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയും ഡി ഡികള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്താല്‍ മാത്രമെ ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ബാങ്കില്‍ നിന്നും അടുത്ത ദിവസങ്ങളിലായി വിജിലന്‍സ് വിവരങ്ങള്‍ ശേഖരിക്കും.