Connect with us

Editorial

ക്ഷീര മേഖലയിലെ പ്രതിസന്ധി

Published

|

Last Updated

ഒരു കാലത്ത് പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമായിരുന്ന കേരളം ഇന്ന് കടുത്ത പാല്‍ ക്ഷാമം നേരിടുകയാണ്. പ്രതിദിന ഉപയോഗത്തില്‍ 11 ലക്ഷത്തോളം ലിറ്റര്‍ പാലിന്റെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങി സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. അതേസമയം, നേരത്തെ പാലുത്പാദനത്തില്‍ പിന്നിലായിരുന്ന പഞ്ചാബ്, ആന്ധ്ര, യു പി, ഗുജറാത്ത് സംസ്ഥാനങ്ങള്‍ സമഗ്രമായ പദ്ധതികളിലൂടെ പാലുത്പാദനത്തില്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു.
ഇതര സംസ്ഥാനങ്ങളേക്കാള്‍ ക്ഷീര കൃഷിക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിലേത്. എന്നിട്ടും അനുദിനം പാല്‍ക്ഷാമം രൂക്ഷമാകുന്നത് ക്ഷീര വീകസന പദ്ധതികളിലെ ആസൂത്രണക്കുറവും നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയും മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാലിത്തീറ്റകളുടെ ക്രമാതിതമായ വിലവര്‍ധന, പച്ചപ്പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവ്, വര്‍ധിച്ചു വരുന്ന രോഗങ്ങള്‍, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, സങ്കരയിനം പശുക്കളുടെ താങ്ങാനാകാത്ത വില, തൊഴിലാളി ക്ഷാമം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. കാര്‍ഷിക വൃത്തി ഉപേക്ഷിച്ചു മറ്റു തൊഴില്‍ മേഖലകളെ തേടിപ്പോകുന്ന സ്ഥിതി വിശേഷമാണ് പൊതുവെ കേരളത്തില്‍ ഇന്ന്. കാര്‍ഷിക മേഖലയിലെ കടുത്ത അധ്വാനവും അതിനനുസൃതമായ വരുമാനമില്ലായ്മയുമാണ് കാരണം. കൃഷി ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന തെറ്റായ ധാരണയും യുവ സമൂഹം വെച്ചുപുലര്‍ത്തുന്നുണ്ട്.
മില്‍മയാണ് കേരളത്തിലെ ക്ഷീരമേഖലയെ നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ ശേഖരിക്കുന്നത് മുഖ്യമായും മില്‍മയാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് ലിറ്ററൊന്നിന് കമ്പനി നല്‍കുന്ന പരമാവധി വില 28 രൂപയാണ്. പലുത്പാദനത്തിന് കര്‍ഷകര്‍ക്ക് വരുന്ന ചെലവ് ഇതിനേക്കാള്‍ കൂടുതല്‍ വരും. 2008ല്‍ മില്‍മ നടത്തിയ പഠനത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ 28 രൂപ ചെലവുവരുമെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ചെലവ് വീണ്ടും കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കാലിവളര്‍ത്തല്‍ ആദായകരമായ തൊഴിലല്ലാതായി മാറിയിരിക്കയാണ്. കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വൈക്കോലിന്റെയും വിലയില്‍ ചുരുങ്ങിയ കാലത്തിനിടയില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. അതേസമയം ഉത്പാദനച്ചെലവിനനുസൃതമായി വില വര്‍ധിപ്പിക്കുന്നതും പ്രായോഗികമല്ല. നിലവിലെ പാല്‍വില തന്നെ കൂടുതലാണെന്നാണ് ഉപഭോക്താക്കളുടെ പരാതി. അയല്‍ സംസ്ഥാനങ്ങളില്‍ വില കേരളത്തെ അപേക്ഷിച്ചു കുറവുമാണ്. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉത്പാദനക്ഷമത വര്‍ധിപ്പിച്ചും കര്‍ഷകര്‍ക്ക് സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കിയും കാലിവളര്‍ത്തല്‍ ലാഭകരമാക്കുകയാണ് ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം. കര്‍ഷകരോടുള്ള മില്‍മയുടെ സമീപനത്തിലും കുറേക്കൂടി ഉദാരത ആവശ്യമാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ പാല്‍ ശേഖരിക്കുന്നത് കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടിയ തുകക്കാണ്. 28 രൂപക്ക് അവിടെ നിന്ന് വാങ്ങുന്ന പാലിന് കേരളത്തിലെത്തിക്കാനുള്ള കടത്തുകൂലി കൂടി ചേരുമ്പോള്‍ 35 രൂപയിലേറെ വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിപണി നിലനിര്‍ത്താനാണ് കമ്പനി ഈ നഷ്ടക്കച്ചവടം നടത്തുന്നത്. എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ശേഖരിക്കാന്‍ വരുന്ന അധികതുക കൊണ്ട് കേരളത്തിലെ കര്‍ഷകരുടെ ആനുകുല്യങ്ങള്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ പാല്‍ ഉത്പാദനം കൂട്ടാന്‍ അവര്‍ക്കത് പ്രോചോദനമാകുകയും സംസ്ഥാനത്തെ പാല്‍ക്ഷാമത്തിന് വലിയരളവോളം പരിഹാരമാകുകയും ചെയ്യും. നിര്‍ത്തലാക്കിയിരുന്ന ക്ഷീരകര്‍ഷകരുടെ കാലിത്തീറ്റ സബ്‌സിഡി പുനഃസ്ഥാപിക്കുകയും വേണം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് സബ്‌സിഡി നിര്‍ത്തലാക്കിയിരുന്നത്. എന്നാല്‍ കെടുകാര്യസ്ഥതയും അഴിമതിയുമാണ് മില്‍മയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് പട്ടണക്കാട് കാലത്തീറ്റ ഫാക്ടറിയിലേക്ക് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതു സംബന്ധിച്ചു ഉയര്‍ന്നുവന്ന ആരോപണമുള്‍പ്പെടെയുള്ള പല വിവരങ്ങളും നല്‍കുന്ന സൂചന. ഇതിന്റെ പാപഭാരം കര്‍ഷകരുടെ തലയില്‍ കെട്ടിവെക്കരുത്.
കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ആരംഭിച്ച ഇടുക്കി പാക്കേജ് ക്ഷീരവികസന മേഖലയില്‍ മാതൃകയാണ്. ക്ഷീരസാഗരമെന്ന പേരില്‍ ഇടുക്കിയിലെയും സമീപ ജില്ലകളിലെയും പതിനാറ് പഞ്ചായത്തുകളില്‍ നടപ്പാക്കി വിജയം കണ്ട പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും 300 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണ് സര്‍ക്കാര്‍. ഓരോ പഞ്ചായത്തിലെയും അഞ്ച് പേര്‍ വീതം വരുന്ന പത്ത് വനിതാ ഗ്രൂപ്പുകള്‍ക്ക് അത്യുത്പാദന ശേഷിയുള്ള പശുക്കളെ നല്‍കി പാല്‍ സംഭരണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന പാല്‍ സൊസൈറ്റികള്‍ വഴിയോ വീടുകളിലൂടെയോ വിതരണം ചെയ്യാനുള്ള സംവിധാനവും പദ്ധതി വിഭാവനം ചെയ്യുന്നു. തുടക്കത്തില്‍ കാണുന്ന ആവേശവും താത്പര്യവും കാലക്രമേണ ആറിത്തണുക്കുന്നത് മൂലം ഇത്തരം പദ്ധതികള്‍ ലക്ഷ്യം കാണാതെ പോകാറുണ്ട്. ക്ഷീരസാഗരം പദ്ധതിക്ക് അത്തരമൊരു ദുര്യോഗമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.