18 രാജ്യങ്ങളിലേക്ക് ശൈഖ് ഖലീഫയുടെ 281 ടണ്‍ ഈത്തപ്പഴം

Posted on: July 3, 2014 10:35 pm | Last updated: July 3, 2014 at 10:35 pm

dates (1)അബുദാബി: ഖലീഫ ബിന്‍ സായിദ് ചാരിറ്റി ഫൗണ്ടേഷന്റെ വകയായി ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് 281 ടണ്‍ ഈത്തപ്പഴം നല്‍കിത്തുടങ്ങി. റമസാന്‍ പുണ്യം ഉദ്ദേശിച്ചുള്ള പ്രത്യേക സഹായങ്ങളുടെ ഭാഗമാണിത്.
യു എ ഇയുമായി ഉറ്റബന്ധം കാത്തുസൂക്ഷിക്കുന്ന 18 രാജ്യങ്ങളിലേക്കാണ് ശൈഖ് ഖലീഫയുടെ ഈത്തപ്പഴ സഹായം എത്തിക്കുന്നത്. കടല്‍ മാര്‍ഗവും വായുമാര്‍ഗവുമായി ഇവിടങ്ങളിലേക്ക് ഈത്തപ്പഴം അയച്ചുതുടങ്ങി. സഹായമെത്തിക്കുന്ന രാജ്യങ്ങളിലെ യു എ ഇ എംബസി മുഖേന അതാത് രാജ്യങ്ങളിലെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനകളും ഇസ്‌ലാമിക സംഘടനകളിലൂടെയുമാണ് ഈത്തപ്പഴം അര്‍ഹരിലേക്കെത്തിക്കുന്നത്.
ഈജിപ്ത്, ലബനോന്‍, അയര്‍ലെന്റ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജര്‍മനി, ബല്‍ജിയം, സിനഗല്‍, സ്വിറ്റ്‌സര്‍ലന്റ്, ജപ്പാന്‍, ബംഗ്ലാദേശ്, താന്‍സാനിയ, ഇന്ത്യ, ഖസാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍, മലേഷ്യ, തുര്‍ക്കുമാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് 281 ടണ്‍ ഈത്തപ്പഴം വീതിച്ചുനല്‍കുന്നത്. ഇന്ത്യയിലേക്ക് 15 ടണ്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ നല്‍കിയിട്ടുള്ളത് ഖസാക്കിസ്ഥാനിലേക്കാണ് 40 ടണ്‍. റമസാന്‍ മാസങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഖലീഫ ബിന്‍ സായിദ് ഫൗണ്ടേഷന്റെ വകയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന സഹായത്തിന്റെ ഭാഗമാണിതെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.