വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ പ്രചാരണം

Posted on: July 3, 2014 8:26 pm | Last updated: July 3, 2014 at 9:16 pm

DUBAIദുബൈ: വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ ദുബൈ വാണിജ്യ വകുപ്പിന്റെ (ഡി ഇ ഡി, പ്രചാരണം. ഇതോടൊപ്പം, അവശരായ ആളുകള്‍ക്ക് സഹായ പദ്ധതി നടപ്പിലാക്കും. ഇത്തിഹാദ് മാളില്‍ ഇന്നുവരെയും ബര്‍ശ മാളില്‍ 13 മുതല്‍ 17 വരെയുമാണ് പ്രചാരണം.
ദാര്‍ അല്‍ ബിര്‍ സൊസൈറ്റിയുടെ പെട്ടിയില്‍ ഓരോരുത്തരില്‍ നിന്നും ഒരു ദിര്‍ഹം നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് സഹായ പദ്ധതിയെന്ന് ഡയറക്ടര്‍ അബ്ദുല്ല അല്‍ ശെഹി പറഞ്ഞു.
2014 ആദ്യാപാദത്തില്‍ 1.16 കോടി വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ടെന്നും ശെഹി അറിയിച്ചു.
റമസാന്‍ അവസാനത്തോടെ മാര്‍ക്കറ്റുകളില്‍ ഇലക്ട്രോണിക്ക് മീറ്ററുകള്‍ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ സമിതിയും എമിറേറ്റ്‌സ് സ്റ്റാന്റേഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (എസ്മ) യും ചേര്‍ന്നാണ് രാജ്യത്തെ മൊത്തവിതരണ മാര്‍ക്കറ്റുകളില്‍ പദ്ധതി നടപ്പാക്കുന്നത്.
വിപണിയില്‍ അളവുതൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും വഞ്ചനകള്‍ക്ക് തടയിടായും ഇലക്ട്രോണിക്ക് തൂക്കു മെഷീനുകള്‍ സ്ഥാപിക്കുക വഴി സാധിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണസമിതി ഡയറക്ടര്‍ ഹാഷിം ആല്‍ നുഐമി വ്യക്തമാക്കി. ദുബൈ അല്‍ അവീര്‍ പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ പരിശോധന നടത്തവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം കച്ചവടക്കാര്‍ക്കായി വിശദീകരിച്ചു. മന്ത്രാലയവും എസ്മയും ചേര്‍ന്ന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് മീറ്ററുകള്‍ സ്ഥാപിക്കേണ്ടത്. തുടര്‍ന്ന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന തുലാസുകള്‍ പൂര്‍ണമായും അപ്രത്യക്ഷമാകും. മാര്‍ക്കറ്റില്‍ ചാക്കുകളിലും കാര്‍ട്ടണുകളിലുമായി നല്‍കുന്ന പഴം, പച്ചക്കറി ഇനങ്ങള്‍ക്ക് കൃത്യമായ തൂക്കം നിര്‍ണയിക്കാനും ഇതുവഴി സാധിക്കും ഹാഷിം ആല്‍ നുഐമി അറിയിച്ചു.
രാജ്യത്ത് ദിനംപ്രതി 20,000 ടണ്ണിന്റെ പഴം, പച്ചക്കറി ഇനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 60 ശതമാനവും രാജ്യത്തു തന്നെ വിറ്റഴിയുന്നു. അവശേഷിക്കുന്നവ അയല്‍രാജ്യങ്ങളിലേക്കായി പുനഃകയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. 12 ടണ്‍ ചരക്കും ദുബൈ വഴിയാണ് എത്തുന്നത്. നാല് ടണ്‍ ചരക്ക് അബുദാബിയിലേക്കും അവശേഷിക്കുന്നവ മറ്റു എമിറേറ്റുകള്‍ വഴിയും എത്തുന്നു. ഉല്പാദക രാജ്യങ്ങളേക്കാള്‍ കുറഞ്ഞ നിരക്കില്‍ പഴം, പച്ചക്കറി ഇനങ്ങള്‍ വില്‍ക്കാന്‍ യു എ ഇ വ്യാപാരികള്‍ക്ക് സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.