ആദിവാസി ഭൂമിവിതരണം കാര്യക്ഷമമാക്കണമെന്ന്

Posted on: July 3, 2014 10:54 am | Last updated: July 3, 2014 at 10:54 am

കല്‍പ്പറ്റ: ആദിവാസി ഭൂമിവിതരണം കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ എന്ന വിപ്ലവകരമായ ക്ഷേമപദ്ധതി ജില്ലയിലെ ഭരണവിരുദ്ധരായ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ ഫലമായി അട്ടിമറിക്കപ്പെടുന്നതായി സംശയിക്കുന്നു. പദ്ധതി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും ഭൂമാഫിയയുടെയും പേര് പറഞ്ഞ് അട്ടിമറിക്കുന്നതിന് ജില്ലയിലെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ തുനിഞ്ഞിരിക്കുകയാണ്. ഇത്തരക്കാരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇഷ്ടക്കാരുടെയും സ്വന്തക്കാരുടെയും താല്‍പര്യം മാത്രം സംരക്ഷിച്ച് പര്‍ച്ചേസ് കമ്മിറ്റി തീരുമാനമെടുക്കുന്നതായിട്ടാണ് കാണുന്നത്. ജനങ്ങളുമായി നിരന്തരം ബന്ധമുള്ള താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരായ ടി ഇ ഒ, വി. ഒ എന്നിവരുടെ അനുകൂലമായ ശുപാര്‍ശകള്‍ തള്ളികളഞ്ഞ് ഈ പദ്ധതിയെ തകര്‍ക്കുന്നു. ചില പ്രത്യേക പഞ്ചായത്തുകളില്‍ മാത്രം ഭൂമിക്ക് ന്യായവില നിശ്ചയിക്കുകയും അര്‍ഹതപ്പെട്ട ഇടങ്ങളിലെ ഗുണഭോക്താക്കള്‍ കണ്ടെത്തുന്ന ഭൂമിക്ക് സാങ്കേതികത പറഞ്ഞ് കുറഞ്ഞ വില നിശ്ചയിക്കുകയും ചെയ്തതാണ് ഭൂമി വിതരണം പരാജയപ്പെടുത്തുന്നത്. നിര്‍ധനരായ ആദിവാസി ഉപഭോക്താക്കള്‍ വലിയ തുക ലീഗല്‍ സ്‌ക്രൂട്ട്‌നിക്കായി നല്‍കിയ സമര്‍പ്പിച്ച നിരവധി അപേക്ഷകള്‍ ഐ ടി ഡി പി ഓഫീസില്‍ കെട്ടികിടക്കുകയാണ്. 70 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടും ആദിവാസികള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. സെന്റിന് 40,000 രൂപ വരെ പരമാവധി നല്‍കാമെന്നിരിക്കെ ലക്ഷങ്ങള്‍ വില വരുന്ന ഭൂമി പോലും വളരെ കുറഞ്ഞ വില നിശ്ചയിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടിയാണ് കണ്ടുവരുന്നത്. മലയോരമേഖലയായ വയനാട്ടില്‍ നിരന്ന ഭൂമി ലഭ്യമാക്കണമെന്ന് ഗുണഭോക്താക്കളോട് പര്‍ച്ചേസ് കമ്മിറ്റിയിലെ ചില ഉന്നതര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലും ജില്ലാ ആസ്ഥാനത്തുള്ള വിദൂരപ്രദേശങ്ങളിലും ഹെഡ്ഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 35-40 കിലോമീറ്റര്‍ അകലെയുള്ള മാനന്തവാടി, പയ്യമ്പള്ളി, പെരുന്നന്നൂര്‍ വില്ലേജിലും എടവക പഞ്ചായത്തിലും 28,000 രൂപക്കും, 34,500നും വില നിര്‍ണയിച്ച പര്‍ച്ചേസ് കമ്മിറ്റി ജില്ലാ ആസ്ഥാനത്തും എന്‍ എച്ചിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങള്‍ക്ക് 10,000-15000 രൂപയായി നാമനമാത്ര വില നിശ്ചയിച്ചതും എല്ലാം കൂട്ടിവായിക്കുമ്പോള്‍ ഈ പദ്ധതി ലക്ഷ്യം കാണാതിരിക്കുവാന്‍ ഉദ്യോഗസ്ഥ ഗൂഡാലോചന നടക്കുന്നതായി സംശയിക്കുന്നു. ആയതിനാല്‍ ഉദ്യോഗസ്ഥ അലംഭാവം അവസാനിപ്പിച്ച് ഭൂമി വിതരണം കാര്യക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം ആദിവാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. അയ്യപ്പന്‍ എം, ബി സുവിത്ത്, ശിവന്‍ എം, സിറാജുദ്ദീന്‍, സലീം കാരാടന്‍, അജിത മാടക്കുന്ന്, മണി എം പി, ഷംസുദ്ദീന്‍ പി ഇ, കൃപേഷ് എ കെ, ബിനീഷ്, മീനാക്ഷി എം, ഗോപി റാട്ടക്കൊല്ലി, ശീലാവതി, ബിന്ദു എന്നിവര്‍ സംസാരിച്ചു.