കേരള സംസ്ഥാന ലോട്ടറിയുടെ മറവില്‍ ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം

Posted on: July 3, 2014 10:28 am | Last updated: July 3, 2014 at 10:28 am

വടകര: കേരള സംസ്ഥാന ലോട്ടറിയുടെ മറവില്‍ ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നടത്തിയ കേസിലെ പ്രതി വടകര വീരഞ്ചേരി ഒന്തത്തെ രാഗി ഹൗസില്‍ രാഗിണി (29)നെ വടകര ക്രൈംഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക കേസന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
‘കിംഗ്-50’ എന്ന പേരിലുള്ള സ്വകാര്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് സ്‌പെഷ്യല്‍ അപ്ലിക്കേഷനുള്ള മൊബൈല്‍ ഫോണിലൂടെ പല വന്‍കിട ലോട്ടറി ഏജന്റുമാരും സംസ്ഥാന ലോട്ടറിയുടെ മറവില്‍ ഒറ്റ നമ്പര്‍ വാതുവെപ്പ് നടത്തി വന്‍ തുക തട്ടിയെടുത്തതായി ഡി വൈ എസ് പി സദാനന്ദന്‍ പറഞ്ഞു. നേരത്തെ പാലക്കാട് സിമി ഗോള്‍ഡന്‍ ലോട്ടറി എന്ന പേരില്‍ ഏജന്‍സി നടത്തിയിരുന്ന സജീഷ് തന്നെയാണ് കിംഗ്-50 എന്ന സോഫ്റ്റ് വെയറിന്റെയും ഉടമ. ഇയാളെ ഉടനെ തന്നെ അറസ്റ്റുചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഇതേ രീതിയില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള മഞ്ചു ഏജന്‍സിയും ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈ ഫൈ എന്ന പേരിലും സ്ലാപ്പര്‍ എന്ന പേരിലും രണ്ട് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് മഞ്ചു ഏജന്‍സിയിലെ സഹോദരന്‍മാര്‍ ഒറ്റനമ്പര്‍ വാതുവെപ്പ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. നിലവില്‍ ഈ സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് സോഫ്റ്റ് വെയറുകള്‍ കണ്ടെത്തിയെന്നും ഡി വൈ എസ് പി പറഞ്ഞു.
എല്ലാ ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യമൂന്നക്കം ഒത്തുവന്നാല്‍ 5,000 രൂപയും രണ്ടക്കത്തിന് 500 രൂപയും ഒരക്കത്തിന് 100 രൂപയുമാണ് സമ്മാനമായി ലഭിക്കുന്നത്. ദിവസവും ഉച്ചക്ക് 2.30ന് നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറിയുടെ ഓണ്‍ലൈന്‍ ടിക്കറ്റിന് 10 രൂപ നല്‍കി ഭാഗ്യനമ്പര്‍ ആവശ്യക്കാര്‍ക്ക് ബുക്ക്‌ചെയ്യാം. കഴിഞ്ഞ മൂന്ന് മാസക്കാലമായി ഇത് തുടര്‍ന്നുവരികയാണ്.
ക്രിമിനല്‍ കുറ്റമെന്ന നിലയിലും ഐ ടി ആക്ട് അനുസരിച്ചുമാണ് കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.