എച്ച് വണ്‍ എന്‍ വണ്ണിന് പിന്നാലെ മലപ്പുറത്ത് കുഷ്ഠ രോഗം സ്ഥിരീകരിച്ചു

Posted on: July 3, 2014 1:55 am | Last updated: July 3, 2014 at 1:55 am

മലപ്പുറം: എച്ച് വണ്‍ പനിക്ക് പിന്നാലെ മലപ്പുറത്ത് കുഷ്ഠ രോഗവും റിപോര്‍ട്ട് ചെയ്തു. ഇന്നലെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂട്ടിലങ്ങാടി സ്വദേശിയായ കുട്ടിക്കും അന്‍പത്തിനാലുകാരനായ തമിഴ്‌നാട് സ്വദേശിക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. മേല്‍മുറിയിലെ റോഡരികില്‍ അമ്മി കൊത്തി തൊഴിലെടുക്കുന്ന സംഘത്തില്‍ പെട്ടയാളാണ് തമിഴ് യുവാവ്. മലപ്പുറം നഗരസഭയിലെ ആരോഗ്യ വിഭാഗം അധികൃതര്‍ ഇവരുടെ ജോലിസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇയാള്‍ക്ക് സ്പര്‍ശന ശേഷിയില്ലെന്ന് കണ്ടെത്തിയതിനാല്‍ തുടര്‍ ചികിത്സക്ക് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ എത്താതിരുന്നതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പടിഞ്ഞാറെ മുക്കില്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് നിരവധി തമിഴ് കുടുംബങ്ങള്‍ താമസിക്കുന്നത്. സേലം സ്വദേശിക്കാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വീട്ട് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. കൂട്ടിലങ്ങാടി സ്വദേശിയായ കുട്ടി ചര്‍മ സംബന്ധമായ അസുഖത്തിന് ഡോക്ടറെ കാണാന്‍ ആശുപത്രിയിലെത്തിയതായിരുന്നു. ഇതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കാനാകാത്തതിനാല്‍ സൗജന്യമായി മരുന്നുകള്‍ നല്‍കി ചികിത്സ തുടരും. കഴിഞ്ഞ വര്‍ഷം മൂന്ന് കേസുകള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കുഷ്ഠ രോഗം പാടെ നിര്‍മാര്‍ജനം ചെയ്യാന്‍ ആരോഗ്യ വകുപ്പ് ശക്തമായ ജാഗ്രത പുലര്‍ത്തുന്നതിനിടെ രോഗം വീണ്ടും കണ്ടെത്തിയത് ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളില്‍ രോഗം പിടിപെടാനുള്ള സാധ്യതയേറെയാണെങ്കിലും ഇവ കണ്ടെത്തുക ശ്രമകരമാണ്.