Connect with us

Kollam

മന്ദബുദ്ധിയായ മകളെ പീഡിപ്പിച്ച പിതാവിന് അഞ്ച് വര്‍ഷം തടവ്‌

Published

|

Last Updated

കൊല്ലം: ബുദ്ധിവൈകല്യമുള്ള മകളെ പീഡിപ്പിച്ച പിതാവിന് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അധികം അനുഭവിക്കണം. മകള്‍ക്ക് സര്‍ക്കാര്‍ 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
12 വയസ്സുകാരിയെ പീഡിപ്പിച്ച കുണ്ടറ സ്വദേശി മോഹനനെ (43) യാണ് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് മേനോന്‍ ശിക്ഷിച്ചത്. 2012ല്‍ നിലവില്‍ വന്ന കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡന നിരോധ നിയമപ്രകാരം ജില്ലയിലെ ആദ്യവിധിയാണിത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാറില്‍ നിന്നും പുനരധിവാസത്തിനാവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാനത്തെ തന്നെ ആദ്യവിധിപ്രസ്താവമാണിത്.
2012 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി മകളെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മകളെ കാണാനില്ലെന്ന പ്രതീതി സൃഷ്ടിച്ച് വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകനെയും മകളെ കണ്ടെത്താന്‍ ബന്ധുവീടുകളിലേക്ക് പറഞ്ഞയച്ച ശേഷമാണ് പീഡനം നടന്നത്. മാതാവ് തിരികെ വന്നപ്പോള്‍ വീടിനുള്ളില്‍ ഒളിപ്പിച്ച മകളെ പീഡിപ്പിക്കുന്ന പിതാവിനെയാണ് കാണാനിടയായത്. ഇതിനു മുമ്പും മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി മാതാവ് കോടതിയില്‍ മൊഴി നല്‍കി.
കുണ്ടറ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡന നിരോധ നിയമ പ്രകാരം കേസെടുത്തു. എട്ട് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

Latest