2.76 കോടിയുടെ മയക്കുമരുന്നു പിടിച്ചു

Posted on: July 2, 2014 8:56 pm | Last updated: July 2, 2014 at 8:56 pm

mayakkumarunnuറാസല്‍ ഖൈമ: 2.76 കോടി ദിര്‍ഹം വിലവരുന്ന മയക്കുമരുന്നു പിടികൂടിയതായി റാസല്‍ ഖൈമ പോലീസിന്റെ മയക്കു മരുന്നു വിരുദ്ധ വിഭാഗം വ്യക്തമാക്കി. 55 കിലോ ഗ്രാം ഹെറോയിന്‍, 10 കിലോ കറുപ്പ്, മൂന്നു കിലോയോളം തൂക്കം വരുന്ന 15,000 ട്രമഡോള്‍ ഗുളികകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തതെന്ന് റാസല്‍ ഖൈമ പോലീസ് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖമിസ് അല്‍ ഹദീദി വെളിപ്പെടുത്തി. ഹെറോയിന് 2.75 കോടിയും കറുപ്പിന് 14,000 ദിര്‍ഹവും ട്രമഡോളിന് 1.5 ലക്ഷവും വില വരും.

ഏഴു മയക്കുമരുന്നു കടത്തുകാരില്‍ നിന്നായാണ് ഇത്രയും അധികം മയക്കുമരുന്ന് പിടികൂടിയതെന്ന് മയക്കുമരുന്നു വിരുദ്ധ വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹീം അലി കബിത്തിന്‍ പറഞ്ഞു.
രണ്ടു ഏഷ്യന്‍ വംശജരും, ഒരു അറബ് വംശജനും നാലു സ്വദേശികളുമാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ തൊണ്ടി സഹിതം പിടികൂടിയത്. മൂന്നു പ്രത്യേക സുരക്ഷാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍ നടത്തിയത്. ആദ്യ ഓപറേഷനില്‍ രണ്ട് ഏഷ്യന്‍ വംശജരെ 55 കിലോ ഗ്രാം ഹെറോയിനുമായി പിടികൂടുകയായിരുന്നു. രണ്ടാമത്തെ ഓപറേഷനില്‍ ഗള്‍ഫ് പൗരനെ 10 കിലോ കറുപ്പുമായി പിടികൂടി. മൂന്നാമത്തെ ഓപറേഷനിലാണ് സ്വദേശികളെ ട്രമഡോളുമായി പിടികൂടിയത്. ഏഴു പ്രതികളെയും റാസല്‍ ഖൈമ പബ്ലിക് പ്രോസിക്യൂഷന് നിയമ നടപടികള്‍ക്കായി കൈമാറിയിരിക്കയാണ്.
മയക്കുമരുന്നു കടത്തുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് യുവാക്കളെയാണ്. ഇവരുടെ ലക്ഷ്യത്തില്‍ എല്ലാ വിഭാഗക്കാരും ഉള്‍പ്പെടുന്നുണ്ട്. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്‍മാരായിരിക്കണം. ഈയിടെ വിദ്യാലയങ്ങളും സര്‍വകലാശാലകളും സന്ദര്‍ശിച്ച് റാസല്‍ ഖൈമ പോലീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം സംഘടിപ്പിച്ചിരുന്നു. 14നും 20നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് മയക്കുമരുന്നുകളുടെ ദൂഷ്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധമില്ലെന്നാണ് മനസിലാവുന്നത്. പ്രത്യേകിച്ചും ട്രമഡോളിനെക്കുറിച്ച്. വേഗത്തിലും ചെറിയ വിലക്കും ലഭ്യമാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് വിദ്യാര്‍ഥികള വളരെ വേഗം മയക്കുമരുന്നിന് അടിപ്പെടുന്നതിലേക്ക് നയിക്കുകയാണ്. രക്ത സമ്മര്‍ദ്ദം കുറയുക, ശ്വാസ തടസം, അബോധാവസ്ഥ, ഹൃദയം നിലക്കുക, മരണത്തിന് ഇടയാക്കുക തുടങ്ങിയ മാരകമായ പ്രശ്‌നങ്ങള്‍ക്ക് ട്രമഡോള്‍ ഇടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.