Connect with us

Kozhikode

ഹര്‍ത്താല്‍ നഗരത്തില്‍ പൂര്‍ണം; ഗ്രാമീണ മേഖലയില്‍ ഭാഗികം

Published

|

Last Updated

കോഴിക്കോട്:അഴിമതിവിരുദ്ധ ജനകീയ മുന്നണിയുടെ ധര്‍ണക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു.
നഗരപരിധിയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ചുരുക്കം സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സിറ്റി ബസുകള്‍ സര്‍വീസ് നടത്താതിരുന്നത് നഗരപരിധിയില്‍ യാത്രക്കാരെ വലച്ചു. ഓട്ടോകളും ടാക്‌സികളും കുറവായിരുന്നു. ഗ്രാമീണ മേഖലയില്‍ ഹര്‍ത്താല്‍ കാര്യമായ ചലനമുണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്.
ബി ജെ പി പ്രവര്‍ത്തര്‍ ചിലയിടങ്ങളില്‍ രാവിലെ മുതല്‍ തന്നെ വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താല്‍ അനുകൂലികള്‍ ചില സ്ഥലങ്ങളില്‍ ബസിനു നേരെ കല്ലെറിഞ്ഞു. കോഴിക്കോട് മഞ്ചേരി റൂട്ടിലോടുന്ന കെ പി ബ്രദേഴ്‌സ്, കോലങ്ങാട് എന്നീ ബസുകള്‍ക്ക് നേരെ മിംസ് ഹോസ്പിറ്റലിന് സമീപത്തായി ബൈക്കിലെത്തിയ സംഘം ഉച്ചയോടെ കല്ലെറിഞ്ഞു. ബസിന്റെ ഗ്ലാസ് തകര്‍ന്നെങ്കിലും ആര്‍ക്കും പരുക്കില്ല. കോഴിക്കോട് വേങ്ങര റൂട്ടിലോടുന്ന എ ബി എസ് എന്ന ബസിന് നേരെയും കല്ലേറുണ്ടായി. കെ എസ് ആര്‍ ടി സി ബസുകളെല്ലാം പോലീസ് സുരക്ഷയില്‍ കോണ്‍വേയായി സര്‍വീസ് നടത്തി. മെഡിക്കല്‍ കോളജ് ഭാഗത്തേക്കുള്ള ബസുകളും തടഞ്ഞു. ആശുപത്രിയിലേക്ക് അത്യാവശ്യമായി എത്തിക്കേണ്ട രോഗിയുണ്ടെന്ന് അറിയിച്ചപ്പോള്‍ വിട്ടയക്കുകയായിരുന്നു. ബാലുശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് സ്വകാര്യ ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. ഇത് വഴി സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസുകള്‍ പല സ്ഥലങ്ങളിലായി പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ വടകരയിലേക്കും കൊയിലാണ്ടിയിലേക്കുമുള്ള ബസുകള്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ തന്നെ തടഞ്ഞു. പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ലെന്ന പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി. ഇത് ഹര്‍ത്താല്‍ അനുകൂലികളും യാത്രക്കാരും തമ്മില്‍ ചെറിയ തോതിലുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും വഴിയൊരുക്കി. പോലീസ് എസ്‌കോര്‍ട്ട് വന്നതിന് ശേഷമാണ് സര്‍വീസ് നടത്തിയത്.
ജില്ലക്ക് പുറത്തേക്ക് പോകുന്ന ബസുകളും പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിവിധ ട്രെയിനുകളിലെത്തിയവരെ പോലീസ് വാഹനത്തില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു.