ആവേശപ്പോരാട്ടത്തില്‍ ജയം; ബെല്‍ജിയം ക്വാര്‍ട്ടറില്‍

Posted on: July 2, 2014 8:29 am | Last updated: July 2, 2014 at 8:29 am

belgiumസാല്‍വദോര്‍: കാണികളെ ആവേശത്തിന്റെ ഉച്ചിയിലെത്തിച്ച പോരാട്ടത്തില്‍ ജയിച്ചു കയറിയ ബെല്‍ജിയെ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമേരിക്കയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബെല്‍ജിയം തോല്‍പിച്ചത്. 93, 105 മിനിറ്റുകളില്‍ കെവിന്‍ ഡിബ്രുയ്‌നും റൊമേലു ലൂക്കാകുവുമാണ് ബെല്‍ജിയത്തിനായി ഗോളുകള്‍ നേടിയത്. 107-ാം മിനിറ്റില്‍ ജൂലിയന്‍ ഗ്രീന്‍ അമേരിക്കയ്ക്കായി ആശ്വാസ ഗോള്‍ നേടി.

ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മികച്ച പ്രകടനം പുറത്തെടുത്ത ബെല്‍ജിയത്തിന് മുന്നില്‍ പലപ്പോഴും അമേരിക്കന്‍ ഗോളി ടിം ഹൊവാര്‍ഡ് വില്ലനായി. ഡിവോക്ക് ഒറിഗിയും കെവിന്‍ മിറാലസും തൊടുത്ത ഷോട്ടുകള്‍ അമേരിക്കന്‍ ഗോളി സൂപ്പര്‍ സെവുകളിലൂടെ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിലും ബെല്‍ജിയത്തിനു ലഭിച്ച അവസരങ്ങള്‍ക്കു കുറവില്ലായിരുന്നു. 57-ാം മിനിറ്റില്‍ ഡിവോക്ക് ഒറിഗിയുടെ ഹഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം അമേരിക്കയ്ക്ക് ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ ക്രിസ് വോന്‍ഡോള്‍സ്‌ക പന്ത് ഗോള്‍ പോസ്റ്റിനു മുകളിലൂടെ അടിച്ചുകളഞ്ഞു. എക്ട്രാ ടൈമില്‍ ബെല്‍ജിയത്തെ മറികടക്കാന്‍ അമേരിക്കയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ബെല്‍ജിയത്തിന്റെ വല ചലിപ്പിക്കാനായില്ല.