Connect with us

International

കാണാതായവരുടെ മൃതദേഹം ലഭിച്ചു; ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കി

Published

|

Last Updated

ഗാസ: കാണാതായ മൂന്ന് ഇസ്‌റാഈലി ബാലന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഗാസ ലക്ഷ്യം വെച്ച് ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കി. ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആകാശ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗാസ മുനമ്പില്‍ നിന്ന് ഇസ്‌റാഈലിലേക്ക് 20 റോക്കറ്റ് വിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ശക്തമായ റെയ്ഡുമായി സൈന്യം രംഗത്തുവന്നത്. ഇതുവരെ 34 റെയ്ഡുകള്‍ നടന്നതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു.
ജനിനില്‍ ഇന്നലെ നടന്ന സൈനിക നടപടിയില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ടത് ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ ഗ്രനേഡ് ഉപയോഗിച്ച ഹമാസ് പ്രവര്‍ത്തകനാണെന്ന് സൈന്യം അവകാശപ്പെട്ടു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെസ്റ്റ് ബാങ്കിനടുത്ത് ഹല്‍ഹോല്‍ ഗ്രാമത്തില്‍ കാണാതായ മൂന്ന് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യാഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ജൂണ്‍ 12നാണ് ഇവരെ കാണാതായത്. 18 ദിവസമായി ഇസ്‌റാഈല്‍ നടത്തുന്ന റെയ്ഡില്‍ 400 ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് വീടുകളാണ് ഇതിന്റെ ഭാഗമായി റെയ്ഡ് ചെയ്തത്. അഞ്ച് പേര്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചിട്ടുമുണ്ട്. നാല് പേരുടെ വീടുകള്‍ തകര്‍ത്തിട്ടുമുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്‌റാഈല്‍ സുരക്ഷാ കാബിനറ്റ് കൂടിയെങ്കിലും പ്രധാന തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.