അധ്യാപക നിയമനം നിലച്ചു; പ്രൈമറി വിദ്യാഭ്യാസം താളംതെറ്റുന്നു

Posted on: July 2, 2014 12:15 am | Last updated: July 2, 2014 at 12:15 am

മലപ്പുറം: സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ പ്രൈമറി വിദ്യാലയങ്ങളില്‍ അധ്യാപകരുടെ കുറവ് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ അധ്യായനമാണ് അധ്യാപകരുടെ കുറവുമൂലം താളം തെറ്റുന്നത്. സംസ്ഥാനത്ത് മുന്നൂറോളം പ്രൈമറി വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ കണക്കില്‍ ലാഭകരമല്ലാത്ത സ്‌കൂളുകളില്‍ പുതിയ നിയമനങ്ങള്‍ തടഞ്ഞിരിക്കുകയാണ്. റിട്ടയര്‍മെന്റ്, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം ഒഴിവുകളില്‍ പോലും നിയമനമില്ല. മൂന്ന് വര്‍ഷം മുമ്പ് പ്രൈമറി വിദ്യാലയങ്ങളിലെ ഷിഫ്റ്റ് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇവിടേക്ക് വേണ്ട തസ്തികകള്‍ പോലും അനുവദിച്ചിട്ടില്ല. താത്കാലികാടിസ്ഥാനത്തിലും ദിവസവേതനക്കാരെയും നിയമിച്ചാണ് സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷം വരെ പ്രവര്‍ത്തിച്ചുവന്നത്. ഇവരെ പിരിച്ചുവിടാനാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം.
2013 – 14 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ കണക്കനുസരിച്ചാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ തസ്തികാ നിര്‍ണയം നടത്തിയത്. മിക്ക സ്‌കൂളുകളിലും പുതിയ വര്‍ഷം കൂടുതല്‍ കുട്ടികളെത്തിയെങ്കിലും നിലവിലുണ്ടായിരുന്ന തസ്തികകള്‍ നഷ്ടമായി. ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്ന നിലയില്‍ പോലും മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണിപ്പോഴുള്ളത്. സ്ഥാനക്കയറ്റം, തസ്തിക ഒഴിവ്, വിരമിക്കല്‍ ഒഴിവുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും പരിഗണിച്ചിട്ടില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തസ്തികാനിര്‍ണയം നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും മറ്റും നിലനില്‍ക്കുമ്പോള്‍ പോലും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യത്തിനാവശ്യമായ അധ്യാപകരെ നല്‍കാന്‍ അധ്യാപക വിദ്യാര്‍ഥി അനുപാതവും തസ്തികാ നിര്‍ണയവും കാരണം കഴിയാതെ വരുന്നു. ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിലൂടെ ഇക്കൊല്ലത്തെ തസ്തിക നിര്‍ണയിച്ച് നല്‍കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ അതിനു മുമ്പേ അധ്യാപകരെ സ്ഥലം മാറ്റിയതോടെ പല സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അധ്യാപകരില്ലാത്ത സ്ഥിതിയായി. വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ പേരിലാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.
എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ അനുവദിക്കുന്നില്ല. ലാഭകരമല്ലാത്ത സ്‌കൂളുകളുടെ പട്ടികയിലാണ് ഏറെയുമെന്നതാണ് കാരണം. അധ്യാപികമാരുടെ പ്രസവാവധി ഉള്‍പ്പെടെയുള്ളവക്കുപോലും പകരക്കാര്‍ എത്താറില്ല. സംരക്ഷിത അധ്യാപകരെയും അധ്യാപക ബേങ്കില്‍ ഉള്‍പ്പെട്ടവരെയും കൂടി മാനേജ്‌മെന്റ് സ്‌കൂളുകളിലേക്ക് നിയമിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതംഗീകരിച്ചു നല്‍കിയ മാനേജ്‌മെന്റുകള്‍ക്ക് പോലും ആളെ നിയമിച്ചിട്ടില്ല. നിലവില്‍ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് പി എസ് സി റാങ്ക് പട്ടികയിലുള്ളവര്‍ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടിയെടുക്കുന്നത്. നിലവിലുള്ള അധ്യാപക വിദ്യാര്‍ഥി അനുപാതം നോക്കാതെയും സ്‌കൂളുകളുടെ ലാഭനഷ്ട കണക്കുകള്‍ നോക്കാതെയും ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്ന നിലയിലെങ്കിലും നിയമനാംഗീകാരം നല്‍കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.