Connect with us

Gulf

ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഡോ. അഹ്മദ് അല്‍ ത്വയിബിന്

Published

|

Last Updated

ദുബൈ: ദുബൈ ഹോളിഖുര്‍ആന്‍ അവാര്‍ഡില്‍ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഡോ. അഹ്മദ് അല്‍ ത്വയിബിന് നല്‍കുമെന്ന് ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹ അറിയിച്ചു. പത്തു ലക്ഷം ദിര്‍ഹമാണ് പുരസ്‌കാരം. അറബ്, ഇസ്‌ലാമിക ലോകത്തിന് ത്വയിബ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.
പാരിസ് സോബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്‌ലാമിക തത്ത്വശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ത്വയിബ്, തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുള്ള പണ്ഡിതനാണ്. സൂഫി പാരമ്പര്യത്തില്‍ നിന്നാണ് ത്വയിബ് രചനകള്‍ ഉയിര്‍കൊള്ളുന്നത്.
യു എ ഇ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രഥമ ഗ്രാന്റ് മുഫ്തിയാണ്. 2010 മുതല്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഗ്രാന്റ് ഇമാമാണ്.
പണ്ഡിത കുടുംബത്തില്‍ ജനിച്ച 68 കാരനായ അദ്ദേഹം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.
1977ല്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ അഹ്മദ് അല്‍ ത്വയ്യിബ് പാരീസ് യൂനിവേഴ്‌സിറ്റിയില്‍ ആറു മാസക്കാലം ഗവേഷണ വിദ്യാര്‍ഥിയുമായിരുന്നു. അറബിക്കു പുറമെ ഫ്രഞ്ചും നന്നായി കൈകാര്യം ചെയ്യുന്ന അദ്ദേഹം വിവിധ രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1969ല്‍ അല്‍ അസ്ഹറില്‍ അധ്യാപകനായി സേവനമാരംഭിച്ച ഡോ. അഹ്മദ് ത്വയ്യിബ്, അസി. പ്രഫസറായും പ്രൊഫസറായും പ്രവര്‍ത്തിച്ചു.
2010ല്‍ അന്തരിച്ച ഡോ. മുഹമ്മദ് സയ്യിദ് തന്‍ത്വാവിയുടെ പിന്‍ഗാമിയായി ശൈഖുല്‍ അസ്ഹറായി നിയമിക്കപ്പെട്ടു. നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയ ഡോ. അഹ്മദ് അല്‍ ത്വയ്യിബ് ഫ്രഞ്ച് ഭാഷയില്‍ നിന്ന് അറബിയിലേക്ക് ചില ഗ്രന്ഥങ്ങള്‍ ഭാഷാന്തരപ്പെടുത്തിയിട്ടുമുണ്ട്.
2003ല്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിക്കു ലഭിച്ച ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഏറ്റുവാങ്ങിയത് ഇദ്ദേഹമായിരുന്നു.
ഡോ. അഹ്മദ് അല്‍ ത്വയ്യിബ് അനുവര്‍ത്തിച്ചുപോരുന്ന തീവ്രവാദവിരുദ്ധവും ഇസ്‌ലാമിന്റെ തനതുമായ മധ്യനിലപാടുകള്‍ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കാന്‍ നിര്‍ണായക ഘടകമായിട്ടുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.