മാധ്യമരംഗത്തെ വിദേശനിക്ഷേപം ജനാധിപത്യത്തെ കശാപ്പ് ചെയ്യും

Posted on: July 1, 2014 11:03 am | Last updated: July 1, 2014 at 11:03 am

Paid-News-And-Crying-Foulകല്‍പ്പറ്റ: മാധ്യമരംഗത്തെ വിദേശനിക്ഷേപം ജനതയെ നിശബ്ദമാക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്യുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ പറഞ്ഞു. വയനാട് പ്രസ്‌ക്ലബും സ്വനം മലയാളവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച എം കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധ്യമരംഗത്ത് നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാജ്യത്തെ വീണ്ടും വൈദേശിക ആധിപത്യത്തിന് കീഴിലാക്കും. വിദേശ മാധ്യമങ്ങളുടെ താല്‍പ്പര്യം നിഷ്‌കളങ്കമല്ല. ഉപഭോഗാസക്തിയുള്ള ജനതയെ സൃഷ്ടിക്കലാണ്. വിദേശ ഉല്‍പ്പന്നങ്ങളുടെ അടിമകളാക്കുകയാണ് ലക്ഷ്യം. ഉപഭോഗിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ആശയമാണ് ഇവര്‍ അടിച്ചേല്‍പ്പിക്കുകയെന്നും അദേഹം പറഞ്ഞു.
വയനാട്ടിലെ ആദ്യകാല മാധ്യമപ്രവര്‍ത്തകനും വയനാട് പ്രസ്‌ക്ലബിന്റെ മുന്‍പ്രസിഡന്റുമായിരുന്ന കുഞ്ഞിക്കണ്ണന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
പ്രസ്‌ക്ലബ് പ്രസിഡന്റ് പി കെ അബ്ദുള്‍ അസീസ് അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വാര്‍ത്താധിഷ്ഠിത ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എന്‍ പത്മനാഭന്‍ സമ്മാനം നല്‍കി.
യുപി വിഭാഗത്തില്‍ ദേവ്‌ന കാര്‍ത്തിക (എയുപിഎസ് വെള്ളമുണ്ട), നീരജ് പി രാജ് (ജിയുപിഎസ് കൊളഗപ്പാറ), അഭിനവ് പി പ്രദീപ് (എയുപിഎസ് വെള്ളമുണ്ട) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സി വിവേകാനന്ദന്‍ (എന്‍എസ്എസ് കല്‍പ്പറ്റ), സി കെ അക്മല്‍, കെ പി ആനന്ദ് (ജിവിഎച്ച്എസ്എസ് മാനന്തവാടി) എന്നിവരായിരുന്നു വിജയികള്‍.
പ്രസ്‌ക്ലബ് സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും കെ അശോക്കുമാര്‍ നന്ദിയും പറഞ്ഞു.