പൊതുപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ മാനഭംഗ കേസ്: പ്രതിഷേധ ധര്‍ണക്കിടെ ഡി വൈ എഫ് ഐ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: July 1, 2014 10:55 am | Last updated: July 1, 2014 at 10:55 am

dyfi1കോഴിക്കോട്: വ്യാജ മാനഭംഗ ക്കേസില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ അഴിമതി വിരുദ്ധ ജനകീയ മുന്നണിയും ആക്ഷന്‍ കമ്മിറ്റിയും നടക്കാവ് വികസന സമിതിയും സംയുക്തമായി നടത്തിയ ധര്‍ണക്ക് നേരെ ഡി വൈ എഫ് ഐ നടത്തിയ ആക്രണം. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി വൈ എഫ് ഐ നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റി അംഗം ഒ കെ ശ്രീജേഷ്, ടൗണ്‍ മേഖലാ കമ്മിറ്റി അംഗം ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, ചാലപ്പുറം മേഖലാ കമ്മിറ്റി അംഗം വൈശാഖ് എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ സി പി എം കൗണ്‍സിലര്‍ കെ സിനി വ്യാജ മാനഭംഗക്കേസ് നല്‍കിയതായും ഇവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മാനാഞ്ചിറ പബ്ലിക് ലൈബ്രറി പരിസരത്ത് ഇന്നലെ വൈകിട്ടാണ് ധര്‍ണ നടന്നത്. ധര്‍ണ ആരംഭിച്ച ഉടന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേദിയിലെത്തി കസേരകള്‍ തകര്‍ത്ത് വലിച്ചെറിയുകയും ധര്‍ണക്കെത്തിയവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയുമായിരുന്നു.
എന്നാല്‍ കെ സിനിയെ വ്യക്തിപരമായും, കുടുംബപരമായും കടന്നാക്രമിക്കുന്നെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ഈ സമയം കിഡ്‌സണ്‍ കോര്‍ണറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിനെത്തിയവര്‍ ധര്‍ണയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമണത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് പി രഘുനാഥ്, അഴിമതി വിരുദ്ധ ജനകീയ മുന്നണി നേതാവ് കെ പി വിജയകുമാര്‍, നടക്കാവ് വികസ സമിതി പ്രസിഡന്റ് പി എം പ്രേമരാജന്‍, കെ ഷൈബു, പി പീതാംബരന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍ണ കെ പി സി സി സെക്രട്ടറി അഡ്വ. കെ ജയന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം ബി ജെ പി പ്രസിഡന്റ് പി രഘുനാഥ് പ്രസംഗിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
സി പി എം കൗണ്‍സിലര്‍ സിനി സമര്‍പ്പിച്ച സ്വകാര്യ സ്ത്രീപീഡന അന്യായം പ്രകാരം അഴിമതി വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ കെ പി വിജയകുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(നാല്) സമന്‍സ് അയച്ചിരുന്നു. ഈസ്റ്റ് നടക്കാവ് റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി ലോഹിതാക്ഷന്‍, നടക്കാവ് വികസന സമിതി കെ പി സത്യകൃഷ്ണന്‍, പ്രവര്‍ത്തകസമിതിയംഗങ്ങളായ പനിനീര്‍വീട്ടില്‍ വത്സരാജന്‍, ആണ്ടോടി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് കോടതി സമന്‍സ് അയച്ചത്. ഇത് വ്യാജമാണെന്ന് ആരോപിച്ചാണ് ധര്‍ണ നടന്നത്.