Connect with us

Kerala

ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ സാവകാശം തേടും

Published

|

Last Updated

തിരുവനന്തപുരം:മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ അഭിപ്രായമറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയ സമയപരിധി ഇന്ന് തീരാനിരിക്കെ കൂടുതല്‍ സമയമാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കും. മദ്യനയത്തില്‍ കോണ്‍ഗ്രസിലും യു ഡി എഫിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടുന്നത്.
അതേസമയം അടച്ചിട്ട മദ്യശാലകള്‍ ഇനി തുറക്കേണ്ടതില്ലെന്ന നിലപാടില്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. മാത്രമല്ല, തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ തന്നെ ഗുണനിലവാരമില്ലാത്തവയുണ്ടെങ്കില്‍ അവയും അടച്ചു പൂട്ടണമെന്നും പുതുതായി ഒരു ബാറും ഇനി വേണ്ടെന്നുമുള്ള നിലപാടാണ് സുധീരന്‍ സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് കോണ്‍ഗ്രസും യു ഡി എഫും ഉടന്‍തന്നെ ചര്‍ച്ച നടത്തും.
സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുണ്ടായ അബ്കാരി കേസുകള്‍, ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് വാദിക്കുന്നവര്‍ മുന്നോട്ടുവെക്കും. 2014ല്‍ ഇതുവരെ 5,358 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ 10,458, 2012ല്‍ 15,048, 2013ല്‍ 12,933 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍.
സ്പിരിറ്റ് കടത്ത്, അനധികൃത മദ്യവില്‍പ്പന തുടങ്ങിയവയാണ് കേസുകളിലേറെയും. റെയ്ഡുകള്‍ നടത്തിയും രഹസ്യവിവരം ശേഖരിച്ചും പട്രോളിംഗ്, ബീറ്റ് ഡ്യൂട്ടികള്‍ ശക്തിപ്പെടുത്തിയും സ്പിരിറ്റൊഴുക്ക് തടയാനാകുന്നുണ്ടെങ്കിലും അബ്കാരി കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. അതേസമയം ബാറുകള്‍ അടച്ചിട്ടതോടെ അക്രമങ്ങളും പോലീസ് കേസുകളും കുറഞ്ഞിട്ടുണ്ട്. ബാര്‍ പ്രശ്‌നത്തില്‍ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പോസിറ്റീവായ പിന്തുണയാണ് നല്‍കുന്നതെന്നാണ് കെ പി സി സി അധ്യക്ഷന്റെ പക്ഷം.
കോണ്‍ഗ്രസില്‍ സമവായമുണ്ടായ ശേഷം ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിവെച്ച ശിപാര്‍ശകള്‍ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. ഈ നിര്‍ദേശം അംഗീകരിച്ചാല്‍ അടച്ചുപൂട്ടിയ ബാറുകളില്‍ ഇരുന്നൂറോളം എണ്ണത്തിന് ലൈസന്‍സ് പുതുക്കി നല്‍കേണ്ടിവരും. ശേഷിക്കുന്നവക്ക് നിലവാരം ഉയര്‍ത്താന്‍ സാവകാശം നല്‍കാമെന്നുമാണ് നികുതി സെക്രട്ടറിയുടെ ശിപാര്‍ശ.
ബാറുകള്‍ തുറക്കുന്നത് സ്പിരിറ്റു കടത്ത് തടയാന്‍ ഇടയാക്കുമെന്ന വാദത്തെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിച്ച കാലത്തെ കണക്കുകള്‍ നിരത്തിയാകും സുധീരന്‍ അടക്കമുള്ളവര്‍ പ്രതിരോധിക്കുക. നിലവില്‍ ആകെ ബാറുകളുടെ എണ്ണം 742 ആണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച 152 ബാറുകളുള്‍പ്പെടെ യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്നത് 683 എണ്ണം. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച 59 എണ്ണവും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നേടിയ 40 എണ്ണവുമുള്‍പ്പെടെയാണിത്.

Latest