Connect with us

Malappuram

സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കണം: ജില്ലാ വികസന സമിതി

Published

|

Last Updated

മലപ്പുറം: വികസന പ്രവൃത്തികള്‍ക്കായി സ്ഥലമേറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എമാര്‍ ആവശ്യപ്പെട്ടു. സ്ഥലമേറ്റെടുക്കല്‍ വൈകുന്നത് മൂലം പദ്ധതി പൂര്‍ത്തീകരണത്തിന് സമയമെടുക്കുകയാണെന്ന് പി ഉബൈദുല്ല എം എല്‍ എ അഭിപ്രായപ്പെട്ടു. പൊന്മുണ്ടം ബൈപ്പാസിന് സ്ഥലം നല്‍കാന്‍ ഭൂവുടമകള്‍ തയ്യാറാണെങ്കിലും ഏറ്റെടുക്കാത്തത് പരിശോധിക്കണമെന്ന് സി മമ്മൂട്ടി എം എല്‍ എ ആവശ്യപ്പെട്ടു.
കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിയമന ഉത്തരാവയെങ്കിലും ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തത് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവില്‍ ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജൂലൈ ഒന്നിന് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീട് അനുവദിക്കണമെന്ന് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വീട് ലഭിക്കുന്നതിന് 2500 അപേക്ഷകള്‍ ലഭിച്ചതില്‍ 1400 വീടുകള്‍ക്ക് അനുമതി ലഭിച്ചു. ബാക്കിയുള്ള 900 വീടുകള്‍ക്ക് അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. കടല്‍ ഭിത്തി നിര്‍മാണം വേഗത്തിലാക്കണമെന്ന് വികസന സമിതിയില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഭിത്തി നിര്‍മാണത്തിന് മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. കടലാക്രമണ സമയത്ത് സര്‍ക്കാര്‍ അനുവദിച്ച അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. എയിംസ് ജില്ലയില്‍ സ്ഥാപിക്കണം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ജില്ലയില്‍ സ്ഥാപിക്കണമെന്ന് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. രണ്ട് പേര്‍ മലമ്പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. തൊഴിലാളികള്‍ നാട്ടില്‍ പോയി വരുമ്പോഴും ആഴ്ചയിലൊരിക്കലും രക്ത പരിശോധന നടത്തുന്നുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം എല്‍ എമാരായ പി ഉബൈദുല്ല, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മമ്മൂട്ടി, എം ഉമ്മര്‍, അബ്ദുസമദ് സമദാനി, ടി എ അഹമ്മദ് കബീര്‍, പി കെ ബശീര്‍, ഇ അഹമ്മദ് എം പിയുടെ പ്രതിനിധി സലിം കുരുവമ്പലം, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം അബ്ദുല്ലക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ്, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി കെ. സ്രാജൂട്ടി, മന്ത്രി എ പി അനില്‍കുമാറിന്റെ പ്രതിനിധി കെ സി കുഞ്ഞിമുഹമ്മദ്, എം.ഐ. ഷാനവാസ് എം പി യുടെ പ്രതിനിധി എം കെ കുഞ്ഞിമുഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി കെ മുഹമ്മദ് മുസ്തഫ, ഡെപ്യൂട്ടി കലക്ടര്‍ കെ എം പങ്കജാക്ഷി, പ്ലാനിങ് ഓഫീസര്‍ പി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.