Connect with us

Religion

റമസാന്‍: ചില പാഠങ്ങള്‍

Published

|

Last Updated

പുണ്യ റമസാന്‍ സമാഗതമാകുന്നതോടെ മതഭക്തിയുള്ള മനുഷ്യര്‍ ഉണരുകയായി. നന്മ നിറയുന്നതിനുതകുന്ന ഒരു അന്തരീക്ഷമാണ് റമസാനിന്റെ ആഗമനത്തില്‍ എവിടെയും നാം കാണുന്നത്. വ്യക്തി ജീവിതത്തില്‍ തുടങ്ങുന്ന ധാര്‍മികത സമൂഹത്തിലേക്ക് പകര്‍ന്നൊഴുകുന്നു. റമസാനിന്റെ സാമൂഹിക പാഠങ്ങള്‍ ഈ പശ്ചാത്തലത്തില്‍ നിന്നു വേണം പറഞ്ഞുതുടങ്ങാന്‍.
വ്യക്തി വിശുദ്ധിയും സംസ്‌കരണവുമാണ് പുതിയ സമൂഹത്തിന്റെ സൃഷ്ടിപ്പിന് കളമൊരുക്കുന്നതെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ റമസാന്‍ നല്‍കുന്ന ഒന്നാമത്തെ സാമൂഹിക സന്ദേശം വ്യക്തി സംസ്‌കരണത്തിന്റെതാണെന്ന് പറയാം. വ്രതം എന്നത് ഒരു സ്വകാര്യ കര്‍മാനുഷ്ഠാനമാണെങ്കിലും അതുവഴി സമൂഹത്തിലെ ഓരോ അംഗത്തിലും വരുന്ന നന്മ സാമൂഹിക പ്രധാനമാണ്. നല്ല സമൂഹത്തിന് നല്ല വ്യക്തി എന്നതാണ് ഈ അര്‍ഥത്തില്‍ റമസാന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഇങ്ങനെ ഒരു ഉത്തമ സമൂഹത്തെയും സംഘത്തെയും അല്ലാഹു വല്ലാതെ മാനിക്കുന്നതായി പ്രമാണങ്ങളില്‍ കാണാവുന്നതാണ്. തിരുനബി(സ) തങ്ങള്‍ പഠിപ്പിക്കുന്നു:
“”ഇതാ, നിങ്ങള്‍ക്ക് റമസാന്‍ ആഗതമായിരിക്കുന്നു. പുണ്യത്തിന്റെ മാസമാണിത്. അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് നിങ്ങളെ ആവരണം ചെയ്യാന്‍ പോകുന്നു. അവന്റെ കരുണ അവതരിക്കുന്നു. പാപങ്ങള്‍ കൊഴിഞ്ഞു വീഴുന്നു. പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നു. നിങ്ങളുടെ പരസ്പര ഉത്സാഹം അല്ലാഹു നോക്കിക്കാണുന്നു. അവന്‍ നിങ്ങളെ മുന്‍നിര്‍ത്തി മലാഇകതിനോട് അഭിമാനം പങ്ക് വെക്കുന്നതാണ്”” (ത്വബ്‌റാനി/തര്‍ഗീബ്: 2/99).
ഈ നബി വചനത്തില്‍ നിങ്ങളെക്കൊണ്ട് അഭിമാനിക്കുമെന്നാണ് ഉള്ളത്. വ്യക്തി സംസ്‌കൃതിയിലൂടെ സാമൂഹിക സംസ്‌കരണമാണ് റമസാന്‍ ലക്ഷ്യമാക്കുന്നതെന്ന് ഇതില്‍ നിന്നും ഗ്രഹിക്കാനാകുന്നു.
സ്‌നേഹം വറ്റാത്ത ഉറവയാണെന്നതില്‍ തര്‍ക്കമില്ല. ഒരു ഉത്തമ സമൂഹത്തിന്റെ ചാലക ശക്തി നിഷ്‌കപട സ്‌നേഹമാകുന്നു. പരസ്പരം മറന്നും പൊറുത്തും സ്‌നേഹിക്കാന്‍ കഴിയുന്ന സമൂഹത്തിന് വിജയത്തിന്റെ വഴികള്‍ ഒന്നൊന്നായി തുറക്കപ്പെടും. റമസാന്‍ നല്‍കുന്ന മഹത്തായ സാമൂഹിക പാഠം തന്നെ “സ്‌നേഹ സമൂഹം സുരക്ഷിത സമൂഹ”മെന്നതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. റമസാനില്‍ മറക്കാനും പൊറുക്കാനും മനുഷ്യനാകണം. സമീപിക്കാനും സഹകരിക്കാനും സാധിക്കണം.
തിരു നബി(സ) പറയുന്നത് കാണുക: “”ഞാന്‍ നിങ്ങളോട് വ്രതമനുഷ്ഠിക്കാന്‍ കല്‍പ്പിക്കുന്നു. വ്രതത്തിന്റെ ഉപമ കസ്തൂരി കുപ്പിയിലാക്കി സഞ്ചരിക്കുന്നവന് സമാനമാകുന്നു. അവനില്‍ നിന്ന് അതിന്റെ സുഗന്ധം ശ്വസിക്കാന്‍ എല്ലാവരും കൊതിക്കുന്നു. തീര്‍ച്ച, വ്രതം അല്ലാഹുവിന്റെ അരികില്‍ കസ്തൂരിയെ വെല്ലുന്ന സുഗന്ധമാകുന്നു”” (ഇബ്‌നു ഖുസയ്മ, ഇബ്‌നു ഹിബ്ബാന്‍, ഹകീം, അത്തര്‍ഗീബു വത്തര്‍ഹീബ്: 2/82).
അതെ, വ്രതമാസത്തില്‍ ജീവിക്കുന്നവനെ ഏതൊരാളും സമീപിക്കാന്‍ കൊതിച്ചുപോകുന്ന സ്ഥിതി വരണമെന്നാണ് ഹദീസിന്റെ പൊരുള്‍. ഇതിന് നിറഞ്ഞൊഴുകുന്ന പ്രണയമല്ലാതെ മറ്റൊരു മരുന്നും കൈയില്‍ കരുതാനില്ല. ഒരു നോമ്പുകാരന് ഈ മരുന്നും മന്ത്രവും ഒപ്പം കൊണ്ടുനടക്കാനാകുന്നില്ലെങ്കില്‍ പരാജയം കനത്തത് തന്നെയായിരിക്കും. ഒരു പ്രഭാഷണത്തില്‍ റമസാനിനെ വര്‍ണിച്ച് തിരുനബി(സ) പറഞ്ഞത് “”ഇത് മുവാസാതിന്റെ മാസമാണെന്നാണ്”” (അത്തര്‍ഗീബു, ഇബ്‌നു ഖുസയ്മ: 2/94).
സാമൂഹികമായി പ്രവിശാലമായ സ്‌നേഹവും ഗുണവും ചൊരിയുന്നതിനാണ് “മുവാസാത്” എന്ന് പറയുക. പതിവില്‍ കവിഞ്ഞുവേണം ഇത് ചെയ്യാന്‍. അതിനു പറ്റിയ മാസമായി റമസാനിനെ അവതരിപ്പിക്കുന്നത് റമസാനിന്റെ സാമൂഹിക പ്രാധാന്യത്തിന് മതിയായ രേഖയാകുന്നു.
ദാന- ധര്‍മം ഒരു സമൂഹിക ആവശ്യമാണ്. റമസാന്‍ നല്‍കുന്ന മഹത്തായ ഒരു സന്ദേശം തന്നെ ദാനധര്‍മത്തിന്റെതാകുന്നു. റമസാനില്‍ ധര്‍മം ചെയ്യുന്നതിന് വന്‍ പ്രതിഫലം തന്നെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു നന്മക്ക് ഒരു ഫര്‍ളിന്റെ കൂലിയാണ് റമസാനില്‍.
ഒരിക്കല്‍ തിരുനബി(സ)യോട് ഒരു ചോദ്യം: “”ഉത്തമ ദാനമേതാണ് നബിയേ?””
മറുപടി: സ്വദഖതു റമസാന്‍-റമസാനില്‍ ചെയ്യുന്ന ദാനം തന്നെ.
പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ പറയുന്നു: “”റമസാന്‍ മാസത്തില്‍ ദാനധര്‍മം വര്‍ധിപ്പിക്കല്‍ സുന്നത്താകുന്നു. അവസാന പത്തില്‍ ശക്തിമത്തായ സുന്നത്താണിത്. അതുപോലെ തന്നെ തന്റെ ആശ്രിതര്‍ക്ക് വിശാലത ചെയ്തുകൊടുക്കലും സുന്നത്ത് തന്നെ. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഉപകാരം ചെയ്യലും സുന്നത്താകുന്നു. ഇതൊക്കെ തിരുനബി(സ) ചെയ്ത് കാണിച്ചുവെന്നതിനാലാണിത്.”” (പേജ്: 175, 176).
റിലീഫ് ഒഴുകുന്ന മാസമാണ് റമസാന്‍. പാവങ്ങള്‍ക്ക് ആശ്വാസം പകരാന്‍ നാം തയ്യാറാകുന്നത് റമസാനിന്റെ അത്ഭുതങ്ങളില്‍ പ്രധാനമാണ്. റമസാനിന്റെ സാമ്പത്തിക മാനത്തിനു പിന്നില്‍ സ്വദഖയാണെന്ന് തീര്‍ത്തു പറയാം. റമസാന്‍ പ്രമാണിച്ചു വിപണികള്‍ സജീവമാകുന്നത് നാം കാണുന്നു. ഇല്ലാത്തവനിലേക്ക് നീളുന്ന ഉള്ളവന്റെ കൈയാണിതിനു ഒരു കാരണം. സത്യത്തില്‍ നടക്കുന്നതെന്താണ്? പണം കെട്ടിക്കിടക്കുവാന്‍ മതം അനുവദിക്കുന്നില്ല. റമസാന്‍ നല്‍കുന്ന ഈ സാമൂഹിക സന്ദേശം എത്ര പ്രസക്തമാകുന്നു.
നോമ്പ് തുറപ്പിക്കല്‍ സംസ്‌കാരം റമസാനിന്റെ സാമൂഹിക പ്രാധാന്യത്തെ ശതഗുണീഭവിക്കുന്ന ഒന്നാണ്. അന്നദാനത്തിലൂടെ ജീവദാനമാണിവിടെ നടക്കുന്നത്. ഇത് സമൂഹത്തില്‍ സ്‌നേഹത്തിന് മാറ്റു കൂട്ടുന്നു. അപരനെ നോമ്പ് തുറപ്പിക്കുന്നതിന് തിരുനബി(സ) വാഗ്ദാനം ചെയ്ത പ്രതിഫലങ്ങള്‍ അനിര്‍വചനീയമാണ്.
“”ഒരാള്‍ നോമ്പ് തുറപ്പിച്ചാല്‍ പാപ- നരക മോചനത്തിന് അത് നിമിത്തമാകുന്നു. നോമ്പ് തുറന്നവന്റെ കൂലിയില്‍ ഒരു കുറവും വരുന്നതല്ല”” (ബൈഹഖി, അത്തര്‍ഗീബ്: 2/95).
“”ഒരു നോമ്പുകാരനെ പാനം ചെയ്യിക്കുന്നവന് എന്റെ ജല തടാകത്തില്‍ നിന്ന് ഞാന്‍ കുടിപ്പിക്കുക തന്നെ ചെയ്യും. പിന്നെ സ്വര്‍ഗസ്ഥനാകുംവരെ ദാഹം അവനെ ബാധിക്കില്ല””
“”ഹലാലായ അന്നത്തില്‍ നിന്ന് ഒരു നോമ്പുകാരനെ തുറപ്പിക്കുന്നവന് റമസാനിന്റെ രാവുകളില്‍ സര്‍വ മലക്കുകളും പാപമോചനത്തിനര്‍ഥിക്കുന്നതാണ്. ലൈലതുല്‍ ഖദ്‌റില്‍ ജിബ്‌രീല്‍(അ) അവന്റെ കൈ പിടിച്ചഭിവാദനം ചെയ്യുന്നതുമാണ്”” (ബൈഹഖി, അത്തര്‍ഗീബ്: 2/96).