Connect with us

Editorial

അഫ്ഗാന്‍-ഇന്ത്യ ബന്ധം ശക്തിപ്പെടണം

Published

|

Last Updated

നാറ്റോ സേനയുടെ പിന്‍മാറ്റ തീയതി അടുത്തുകൊണ്ടിരിക്കെ അവര്‍ക്ക് ബദല്‍ കണ്ടെത്താനുള്ള തത്രപ്പാടിലാണ് അഫ്ഗാനിസ്ഥാന്‍. ഒരു രാജ്യത്തിന് അനിവാര്യമായ പ്രതിരോധ ശേഷി അഫ്ഗാനിസ്ഥാനില്ലെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതി ഷയിദ അബ്ദലി ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെട്ടിത്തുറന്ന് പറഞ്ഞു. ഭീകര സംഘടനകളെയും ഭീകരപ്രവര്‍ത്തകരേയും നേരിടാന്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തണമെന്നും അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നു. “ഭീകരപ്രവര്‍ത്തനങ്ങള്‍ തരിമ്പും പൊറുപ്പിക്കില്ലെന്ന” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം സന്തോഷകരമാണെന്നും അബ്ദലി പറയുന്നു. ഒരു വിദേശസേനയുടെ സാന്നിധ്യവും അഫ്ഗാനിസ്ഥാനില്‍ ആവശ്യമില്ല. ഇന്ത്യയില്‍ നിന്ന് അഫ്ഗാന്‍ പ്രതീക്ഷിക്കുന്നത് യുദ്ധോപകരണങ്ങളാണ്. ടാങ്കുകള്‍, ഹെലികോപ്ടറുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ വേണം. 2013 ഡിസംബറില്‍ അഫ്ഗാനിസ്ഥാന്‍ ഉന്നയിച്ച ഈ ആവശ്യം ഇന്ത്യ വിനയപൂര്‍വം നിരാകരിച്ചതാണ്. അതേസമയം അഫ്ഗാന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഇന്ത്യ സഹായം നല്‍കും. അഫ്ഗാന്‍ പട്ടാളത്തിനും പോലീസിനും ഇന്ത്യയില്‍ വെച്ച് സൈനിക പരിശീലനം നല്‍കും. എങ്കില്‍ തന്നെയും അഫ്ഗാനിസ്ഥാനുമായി ഇന്ത്യ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനെ സംശയദൃഷ്ട്യാ മാത്രം കാണുന്ന പാക്കിസ്ഥാനെ വിസ്മരിക്കാനാകില്ല. അഫ്ഗാന്‍ ദേശീയ സേനക്കായി റഷ്യയില്‍ നിന്ന് ചെറുകിട ആയുധങ്ങള്‍ വാങ്ങുന്നതിനെ പോലും പാക്കിസ്ഥാന്‍ എതിര്‍ക്കുകയാണ്.
ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന സഹായം പോലും പാക്കിസ്ഥാന്‍ സംശയത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ അതിര്‍ത്തി റോഡ് സംഘടനക്കും ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികള്‍ക്കും എതിരെ താലിബാന്‍ ശക്തികള്‍ ഇടക്കിടെ ആക്രമണം നടത്തുകയാണ്. ഇന്ത്യന്‍ എന്‍ജിനീയര്‍മാരടക്കമുള്ളവര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുപോലും അഫ്ഗാനിസ്ഥാന്റെ ഒരറ്റത്ത്‌നിന്നും മറ്റേഅറ്റംവരെയും ബന്ധിപ്പിക്കുന്ന ഹൈവേ നിര്‍മാണം ഇന്ത്യ നിര്‍ത്തിവെച്ചിട്ടില്ല. ഇന്ത്യയുടെ ഈ നിലപാടില്‍ പക വെച്ചുപുലര്‍ത്തുന്ന ശക്തികള്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനില്‍ തന്നെയുമുണ്ട്. മെയില്‍ ഹെറാത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഈ ശത്രുക്കളാണ്. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ ആശങ്കയാണ് ഇവര്‍ക്കുള്ളത്. അങ്ങനെ വന്നാല്‍ താലിബാനും അല്‍ഖാഇദക്കും ലശ്കറെ ത്വയ്യിബക്കും മറ്റും വിശാലമായ മേച്ചില്‍പ്പുറം നഷ്ടമാകുകയാണെന്ന് അവര്‍ തിരിച്ചറിയുന്നു. ദുര്‍ബലമായ, കെട്ടുറപ്പില്ലാത്ത അഫ്ഗാനിസ്ഥാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്. ഇന്ത്യയാണെങ്കില്‍ അഫ്ഗാനിസ്ഥാനുമായി നല്ല അയല്‍പക്ക ബന്ധവും വാണിജ്യ ബന്ധവുമാണ് ആഗ്രഹിക്കുന്നത്.
മുമ്പ് അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സേനയുടെ അധിനിവേശത്തെ നേരിടാന്‍ “വിമോചനപട”ക്ക് മാരകായുധങ്ങള്‍ വാരിക്കോരി നല്‍കിയത് അമേരിക്കയാണ്. ഒടുവില്‍ അമേരിക്കയും നാറ്റോയും സൈനികമായി നേരിട്ട് തന്നെ ഇടപെട്ടു. അമേരിക്ക പ്രവഹിപ്പിച്ച മാരക ആയുധങ്ങള്‍ ഭീകരവാദികള്‍ ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെ പ്രയോഗിച്ചു. ഒടുവില്‍ അമേരിക്കതന്നെ അവരുടെ ആയുധങ്ങളുടെ നശീകരണ ശക്തി അറിഞ്ഞു. നാണംകെട്ടാണ് അമേരിക്കന്‍ പട അഫ്ഗാനിസ്ഥാന്‍ വിടുന്നത്. അതിനിടയില്‍ ഇന്ത്യയെ പ്രീണിപ്പിച്ചോ, പ്രകോപിപ്പിച്ചോ അഫ്ഗാനില്‍ നേരിട്ടിടപെടുവിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് വേണം കരുതാന്‍. അമേരിക്കന്‍ ഭരണകൂടത്തിന് പോലും അതില്‍ പങ്കുണ്ട്.
അമേരിക്കന്‍ സേനയുടെ അധിനിവേശത്തില്‍ തകര്‍ന്ന് തരിപ്പണമായ രാഷ്ട്രമാണ് ഇറാഖ്. സദ്ദാം ഹുസൈന്റെ ഭരണകൂടത്തെ പലകാരണങ്ങളാല്‍ അധിക്ഷേപിക്കാമെങ്കിലും ആ രാജ്യത്തെ കരുത്തുറ്റ ശക്തിയായി നിലനിര്‍ത്താന്‍ പ്രസിഡന്റ് എന്ന നിലയില്‍ സദ്ദാമിന് കഴിഞ്ഞിരുന്നു. സദ്ദാമിനെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങളെല്ലാം കല്ലുവെച്ച നുണകളായിരുന്നുവെന്ന് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞു. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ സദ്ദാം തയ്യാറായിരുന്നില്ല എന്നത് മാത്രമായിരുന്നു ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതും സദ്ദാമിനെ തൂക്കിലേറ്റിയതും. തുടര്‍ന്ന് ഒരു പാവ ഭരണകൂടത്തെ വാഴിച്ച ഇറാഖില്‍ ഇപ്പോള്‍ അരാജകത്വമാണ്. “മുല്ലപ്പൂ വിപ്ലവം” നടന്ന പല രാജ്യങ്ങളിലും ആഭ്യന്തര കലാപമാണ്, സംഘര്‍ഷമാണ്. ഇറാഖില്‍ ഭീകരവാദികളാണ് ഇപ്പോള്‍ ശക്തിയാര്‍ജിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. “കൊണ്ട് നടന്നത് നീയേ ചാപ്പ കൊണ്ടോയ് കൊന്നതും നീയേ ചാപ്പ” എന്ന ചൊല്ലാണ് ഈ സാഹചര്യത്തില്‍ ഓര്‍മ വരുന്നത്. സാമ്രാജ്യത്വത്തിന്റെ നവ കൊളോണിയല്‍ തന്ത്രങ്ങളാണ് ഇതിന് പിന്നിലെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

---- facebook comment plugin here -----

Latest