Connect with us

International

ഹെലികോപ്റ്റര്‍ ആക്രമണവുമായി സൈന്യം: തിക്‌രീതില്‍ രൂക്ഷ പോരാട്ടം

Published

|

Last Updated

ബഗ്ദാദ്: ഇസില്‍ വിമതരില്‍ നിന്ന് തിരിച്ചുപിടിക്കാനായി തിക്‌രീതില്‍ രൂക്ഷ പോരാട്ടം. വിമതര്‍ തമ്പടിച്ച യൂനിവേഴ്‌സിറ്റി ക്യാമ്പസ് ലക്ഷ്യമാക്കി ഇറാഖീ സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ ആക്രമണങ്ങള്‍ നടത്തി. ഇറാഖീ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ജന്‍മനാടാണ് തിക്‌രീത്. രണ്ടാഴ്ച മുമ്പാണ് തിക്‌രീത് ഇസില്‍ വിമതര്‍ പിടിച്ചടക്കിയത്. അതേസമയം, തിക്‌രീതില്‍ വിമതര്‍ കൂട്ടക്കൊല നടത്തിയതായി ഫോട്ടോകളുടെയും ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്തോടെ അന്താരാഷ്ട്ര സംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ 190 പേരെ ഇസില്‍ കൊന്നതായാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ചയാണ് സൈന്യം ഹെലികോപ്റ്റര്‍ ആക്രമണം തുടങ്ങിയത്. വിമതരുടെ പ്രത്യാക്രമണത്തില്‍ ഒരു കോപ്റ്റര്‍ തകരുകയും ചെയ്തിട്ടുണ്ട്. ബഗ്ദാദിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസത്തെ ഇസില്‍ മുന്നേറ്റം ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചിരുന്നു. ദിയാല പ്രവിശ്യയില്‍ വ്യക്തമായ മുന്നേറ്റമാണ് ഇസിലിന്റെത്. ഇറാഖീ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനും സഹായിക്കുന്നതിനും 50 കോടി ഡോളറിന്റെ പാക്കേജിന് യു എസ് കോണ്‍ഗ്രസിന്റെ സമ്മതം തേടിയിരിക്കുകയാണ് പ്രസിഡന്റ് ബരാക് ഒബാമ. ഇറാഖിന് വന്‍ സൈനിക ആള്‍ബലമുണ്ടെങ്കിലും ഇസില്‍ വിമതരുടെ മുന്നേറ്റത്തില്‍ നിര്‍വീര്യമായിരുന്നു. സിറിയയിലും ഇറാഖിലും ഒരുപോലെ പിടിച്ചടക്കല്‍ മുന്നേറ്റത്തിലാണ് ഇസില്‍.
അതിനിടെ, സര്‍ക്കാര്‍ വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഉടന്‍ പാര്‍ലിമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലികി പ്രഖ്യാപിച്ചു. രാജ്യത്തെ ശിയാ ആത്മീയ നേതൃത്വവും അമേരിക്കയും ഒരു പോലെ ഐക്യ സര്‍ക്കാര്‍ വേണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്. ചൊവ്വാഴ്ചയായിരിക്കും പാര്‍ലിമെന്റ് സമ്മേളനം ചേരുക.