Connect with us

Ongoing News

30 മീറ്ററില്‍ ദേശീയപാത നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് 30 മീറ്റര്‍ വീതിയില്‍ ദേശീയപാത നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നു മന്ത്രി വി കെ ഇബ്‌റാഹീംകുഞ്ഞ് നിയമസഭയില്‍ വ്യക്തമാക്കി. 45 മീറ്ററില്‍ കുറഞ്ഞ വീതിയില്‍ ദേശീയ പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതു തന്നെയാണ് സര്‍ക്കാര്‍ നയം. ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കും. ഭൂമി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കേന്ദ്ര സഹായത്തോടെ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ഇക്കാര്യം സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചചെയ്യും. സര്‍ക്കാര്‍ തലത്തിലും ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുമെന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ പാതയായ കരമന- കളിയിക്കാവിള റോഡ് മാത്രമാണു 30.2 മീറ്റര്‍ വീതിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ദേശീയ പാത അതോറിറ്റി വഴി മാത്രമേ സംസ്ഥാനത്ത് ദേശീയപാത വികസനം സാധ്യമാകൂ. കേന്ദ്ര സഹായം കൂടാതെ ഇതിലേക്കായി ഭൂമി ഏറ്റെടുക്കാനും സംസ്ഥാന സര്‍ക്കാറിനു കഴിയില്ല. വലിയ സാമ്പത്തിക ബാധ്യത വരുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനു ബുദ്ധിമുട്ടുണ്ട്.
എന്‍ എച്ച് 17 ല്‍ ഇടപ്പള്ളി -കുറ്റിപ്പുറം ഭാഗവും എന്‍ എച്ച് 47ല്‍ചേര്‍ത്തല-കഴക്കൂട്ടം ഭാഗവും 45 കി മീ വീതിയില്‍ വികസിപ്പിക്കുന്നതിന് ഭൂമി ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ ഭാഗങ്ങളില്‍ ദേശീയ പാതാ വികസനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ നിന്ന് ഒഴിവാക്കി ക്കൊണ്ട് ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
എന്‍ എച്ച് 49ല്‍ ബോഡിമൊട്ട്-കുണ്ടന്നൂര്‍ എന്‍ ച്ചെ് 208 ല്‍ കൊല്ലം കഴുത്തിരുത്തി, എന്‍ എച്ച് 212ല്‍ കോഴിക്കോട്- മുത്തങ്ങ, എന്‍ എച്ച് 213ല്‍ കോഴിക്കോട്-പാലക്കാട്, എന്‍ എച്ച്് 20ല്‍ കൊല്ലം-തേനി എന്നീ പാതകളെ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമനുസരിച്ച് ദേശീയ പാതാ വികസന പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ പാതകളുടെ വികസനം കേന്ദ്രം വിഭാവന ചെയ്തിട്ടുള്ള ഇടനാഴി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടോള്‍ പിരിവോട് കൂടി നടപ്പക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

 

Latest