Connect with us

Kozhikode

ഉത്തരവ് മരവിപ്പിച്ചെന്ന് സൂചന; ബേങ്കുകളുടെ പീഡനം തുടരുന്നു

Published

|

Last Updated

കോഴിക്കോട്: നിശ്ചിത കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് പലിശയിളവ് നല്‍കുമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നേരത്തെയുള്ള വാഗ്ദാനം വെറും വാക്കാകുന്നു. വിദ്യാഭ്യാസ വായ്പയെടുത്തവരുടെ 2009 വരെയുള്ള വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാറും 2013 ഡിസംബര്‍ 31 വരെയുള്ള പലിശ കേന്ദ്രസര്‍ക്കാറും വഹിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച ഒരു നീക്കവും സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വായ്പയെടുത്തവര്‍ക്ക് പലിശയിളവിനുള്ള എജ്യുക്കേഷനല്‍ സബ്‌സിഡി സ്‌കീം തന്നെ സര്‍ക്കാര്‍ മരവിപ്പിച്ച് നിര്‍ത്തിയതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സബ്‌സിഡിക്കായുള്ള അപേക്ഷകളില്‍ തുടര്‍ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിലെ അവ്യക്തത തുടരുന്നതിനിടെ വിദ്യാഭ്യാസ വായ്പ സംബന്ധിച്ച വിഷയത്തില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന നടപടികള്‍ ബേങ്കുകള്‍ തുടരുകയുമാണ്.
സബ്‌സിഡിക്ക് വേണ്ടി ബേങ്കുകളില്‍ എത്തുന്ന വിദ്യാര്‍ഥികളോട് വരുമാന സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, നോട്ടറി അഡ്വക്കറ്റ് ഒപ്പിട്ട അഫിഡവിറ്റ്, ബേങ്ക് സ്റ്റാമ്പ് പേപ്പര്‍ തുടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മാത്രമല്ല ഇതുവരെ കുടിശ്ശികയായ മുതലും പലിശയും വായ്പ തുകയായി കണക്കാക്കി റിവൈവല്‍ നോട്ടീസ് ആയി ഒപ്പിട്ടുകൊടുക്കണമെന്നും ബേങ്ക് നിര്‍ദേശിക്കുന്നു. കുടിശ്ശിക വരുത്തുന്നവര്‍ക്ക് പലിശ സബ്‌സിഡി ലഭിക്കില്ലെന്നും നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
ബേങ്കുകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഭീഷണികള്‍ തുടരുന്നതിനാല്‍ പലരും ബ്ലേഡുകാരില്‍ നിന്ന് പണം കടം വാങ്ങിയും കിടപ്പാടം വരെ പണയപ്പെടുത്തിയും കുടിശ്ശിക അടക്കുകയാണ്. ഇങ്ങനെ അടക്കുന്ന സംഖ്യയാവട്ടെ ബേങ്കുകള്‍ പലിശ ഇനത്തിലാണ് വരവ് വെക്കുന്നത്. പലിശ കുടിശ്ശികയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി നിലനില്‍ക്കുമ്പോഴാണ് ബേങ്കുകളുടെ ഈ നടപടി.
വിദ്യാഭ്യാസ വായ്പയെടുത്തതിന്റെ പേരില്‍ മലയോര മേഖലകളിലും മറ്റുമായി പതിനായിരങ്ങളാണ് സംസ്ഥാനത്ത് ബേങ്കുകളുടെ ഭീഷണിയില്‍ കഴിയുന്നത്. പലരുടെയും പേരില്‍ കേസുകള്‍ നിലനില്‍ക്കുന്നു. കിടപ്പാടം നഷ്ടപ്പെട്ടവര്‍ ഏറെയാണ്. ജീവിതം തന്നെ വിഴിമുട്ടിയ അവസ്ഥയിലാണ് പല കുടുംബങ്ങളും. സ്ഥിതി അതീവ സങ്കീര്‍ണമാണെങ്കിലും വായ്പ എടുത്തവരില്‍ നിന്ന് പലിശ ഈടാക്കുന്നതില്‍ ഓരോ ബേങ്കുകളും വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി പതിനെട്ട് ശതമാനം വരെ ചില ബേങ്കുകള്‍ പലിശ ഈടാക്കുന്നുണ്ടെന്ന് വായ്പയെടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. റിസര്‍വ് ബേങ്കും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷനും അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണിത്.
വിദ്യാഭ്യാസ വായ്പക്ക് വിദ്യാര്‍ഥിയുടെ സ്വന്തം ജാമ്യത്തില്‍ വായ്പ അനുവദിക്കാമെങ്കിലും പല ബേങ്കുകളും രക്ഷിതാവിനെയും കൂട്ടു ജാമ്യക്കാരനായി ചേര്‍ത്ത് അവര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിച്ചുവരുന്ന സാഹചര്യവുമുണ്ട്.

---- facebook comment plugin here -----

Latest