സലീംരാജ് കേസ്: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: June 26, 2014 10:52 am | Last updated: June 26, 2014 at 11:49 pm

niyamasabha_3_3

തിരുവനന്തപുരം: സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി ഇടപാടില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി ശിവന്‍കുട്ടി എം എല്‍ എ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സലീംരാജ് കേസ് അന്വേഷണത്തിന് സി ബി ഐക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാറില്‍ നിന്നുണ്ടാവുന്നില്ല എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ സി ബി ഐ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി കോടതിയില്‍ ഉന്നയിക്കാത്ത പരാതിയാണ് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എ ജിയുടെ ഓഫീസ് പോലും സര്‍ക്കാര്‍ തട്ടിപ്പുകള്‍ക്ക് ദുരുപയോഗപ്പെടുത്തിയതായി തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ആരോപിച്ചു. സലിംരാജിന് ഒത്താശ ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും വി എസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.