Connect with us

Kozhikode

വിശുദ്ധിയുടെ നാളുകളെ വരവേല്‍ക്കാന്‍ വിശ്വാസികളും വിശുദ്ധ ഗേഹങ്ങളും ഒരുങ്ങി

Published

|

Last Updated

മുക്കം: ആത്മ ഹര്‍ഷത്തിന്റെ ദിനരാത്രങ്ങളെ സദ്കര്‍മങ്ങളാല്‍ നിരതമാക്കുന്നതിന് വിശ്വാസികള്‍ അവസാന ഒരുക്കത്തില്‍. പതിനൊന്ന് മാസത്തെ ജീവിത ക്രമങ്ങളില്‍ നിന്ന് മാറി. വികാര വിചാരങ്ങളെ ആത്മിയതയിലൂട്ടുന്നതിനുള്ള മിനുക്കു പണികളിലാണ് വിശ്വാസികള്‍.
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലാണ് ഇത്തവണത്തെ നോമ്പിന്റെ പ്രത്യേകത. കേരളത്തില്‍ 14 മണിക്കൂറാണ് നോമ്പുകാലത്തെ പകല്‍ സമയം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇത് 15 മണിക്കൂര്‍ ആകുന്നു. എന്നാല്‍ സഊദി അറേബ്യയിലും യമനിലും 14 തന്നെ. തുര്‍ക്കിയിലാകട്ടെ 17 മണിക്കൂറാണ് പകല്‍ സമയം. റമസാനില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പകല്‍ ദൈര്‍ഘ്യം ജര്‍മനിയിലാണ്. 20 മണിക്കൂര്‍ ഇവിടെ പകല്‍.
കേരളത്തില്‍ മഴക്കാലമായതിനാല്‍ നോമ്പിന് അനുകൂല സാഹചര്യമാണുള്ളത്. എന്നാല്‍ ഡല്‍ഹിയിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ ചൂടാണ്.
വ്രത മാസത്തെ വരവേല്‍ക്കുന്നതിന് പള്ളികളും വീടുകളും പരിസരങ്ങളും ശുചീകരിക്കുന്ന തിരക്കിലാണ് വിശ്വാസികള്‍. മഹല്ല് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ റമസാന്‍ മുന്നോരുക്ക ക്ലാസുകളും പ്രഭാഷണങ്ങളും നടന്നു വരികയാണ്. പാവപ്പെട്ടവരെ കണ്ടെത്തി നോമ്പുകാലത്തേക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയും മറ്റു സഹായങ്ങളെത്തിച്ചും റിലീഫ് പ്രവര്‍ത്തനങ്ങളും സജീവം.
ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളുകളെ റമസാനിലെ തറാവീഹ് നിസ്‌കാരത്തിന്റെ നേതൃത്വത്തിനായി പല പള്ളികളിലും നിയമിച്ചിട്ടുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചും ആശുപത്രികള്‍ കേന്ദ്രീകരിച്ചുമൊക്കെ പതിവായി നടന്നു വരാറുള്ള നോമ്പുതറക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. വിവിധ മഹല്ല് കമ്മിറ്റികളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള റമസാന്‍ പ്രഭാഷണങ്ങള്‍ക്കും തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. മഴക്കാലമായതിനാല്‍ ഒഡിറ്റോറിയങ്ങളിലാണ് മിക്ക പ്രഭാഷണങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
ശഅ്ബാന്‍ 29 ശനിയാഴ്ച മാസപ്പിറവി കണ്ടാല്‍ ഞായറാഴ്ചയും അല്ലെങ്കില്‍ തിങ്കളാഴ്ചയുമാകും വ്രതാരംഭം.

---- facebook comment plugin here -----

Latest