Connect with us

International

ഐക്യ സര്‍ക്കാര്‍ ആവശ്യം നൂരി മാലികി തള്ളി; യു എസ് സൈനിക ഉപദേശകര്‍ ഇറാഖില്‍

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ രൂക്ഷമായ ആഭ്യന്തര പ്രതിസന്ധി ലഘൂകരിക്കാന്‍ അമേരിക്കയടക്കം മുന്നോട്ടുവെച്ച ഐക്യ സര്‍ക്കാര്‍ നിര്‍ദേശം പ്രധാനമന്ത്രി നൂരി അല്‍ മാലികി തള്ളി. ഇത്തരം നിര്‍ദേശങ്ങള്‍ ഭരണഘടനക്കെതിരായ ഗൂഢനീക്കമാണെന്നും ജനാധിപത്യ അനുഭവം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. വംശീയവും സാമുദായികവുമായ വിഭജനങ്ങള്‍ക്കപ്പുറം രാഷ്ട്രീയ നേതാക്കള്‍ ഉയരണമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘം ഇറാഖിനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസമാദ്യം ഇസില്‍ ഗ്രൂപ്പ് ആരംഭിച്ച മുന്നേറ്റം കാര്യക്ഷമമായി തടയാനോ നഗരങ്ങള്‍ തിരിച്ചുപിടിക്കാനോ സര്‍ക്കാര്‍ സൈന്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന വേളയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുരഞ്ജനത്തിന് തയ്യാറാകണമെന്ന് മാലികി ആവശ്യപ്പെട്ടു. ന്യൂനപക്ഷമായ സുന്നി അറബ് സമുദായത്തിന് സര്‍ക്കാറില്‍ വലിയ പങ്കാളിത്തമൊന്നും മാലികി വാഗ്ദാനം ചെയ്തിട്ടില്ല. എല്ലാ മത, വംശീയ, സാമുദായിക ഗ്രൂപ്പുകളെയും ഉള്‍ക്കൊള്ളിച്ച് ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്നത് കഴിഞ്ഞ ഏപ്രിലിലെ പാര്‍ലിമെന്ററി തിരഞ്ഞെടുപ്പ് ഫലത്തിന് എതിരാകുമെന്ന് മാലികി നിരീക്ഷിച്ചു.
അതേസമയം, 130 യു എസ് സൈനിക ഉപദേശകര്‍ ഇറാഖിലെത്തി. ഇറാഖീ സൈന്യവുമായി ചേര്‍ന്ന് ബഗ്ദാദിലും വടക്കന്‍ ഭാഗത്തും സംയുക്ത സൈനിക നീക്കം നടത്താനാണ് ഉപദേശകരുടെ നീക്കം. വ്യോമാക്രമണവും ഉടനെ തുടങ്ങാനാണ് ഇവരുടെ പദ്ധതി. അതിനിടെ, രാജ്യത്തെ ഏറ്റവും വലിയ വ്യോമ താവളത്തിന് നേരെ ഇസില്‍ ആക്രമണമുണ്ടായി. നിരവധി ചെറു എണ്ണപ്പാടങ്ങളും വിമതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ബെയ്ജിയിലെ രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയുടെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി സൈനിക മേധാവിയുടെ വക്താവ് ജനറല്‍ ഖാസിം അത്വാ അവകാശപ്പെട്ടു. ബെയ്ജി നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി.