Connect with us

National

ജമ്മുവില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും വഴിപിരിയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ആറ് വര്‍ഷത്തെ നാഷനല്‍ കോണ്‍ഫറന്‍സ് ബാന്ധവം അവസാനിപ്പിച്ച് ജമ്മു-കാശ്മീരില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. നാഷനല്‍ കോണ്‍ഫറന്‍സിന്റെ കൂടെ ഇനി തിരഞ്ഞെടുപ്പിനെ നേരിടേണ്ട എന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളുടെയും അഭിപ്രായം.
ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന നേതാക്കളായ അംബികാ സോണി, ഗുലാം നബി ആസാദ്, സൈഫുദ്ദീന്‍ സോസ് എന്നിവരുടെ സാന്നിധ്യത്തില്‍ ശ്രീനഗറില്‍ യോഗം ചേര്‍ന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി റിപോര്‍ട്ട് തയ്യാറാക്കി.
ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അന്തിമ തീരുമാനം കൈക്കൊള്ളും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയം മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് നാല് മാസത്തിനപ്പുറം ജമ്മു- കാശ്മീരില്‍ നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാണെങ്കിലും, നാഷനല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നത് ആത്മഹത്യാപരമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
നാഷനല്‍ കോണ്‍ഫറന്‍സിന്റെ വിശ്വാസ്യത അത്രയും താഴെയാണെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും അവരുടെതായ രീതിയില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മുഫ്ത്തി മുഹമ്മദ് സഈദിന്റെ പി ഡി പിയുമായി തിരഞ്ഞെടുപ്പിന് മുമ്പ് യാതൊരുവിധ ധാരണയും കോണ്‍ഗ്രസ് ഉണ്ടാക്കാനിടയില്ലെന്നും വിലയിരുത്തപ്പെടുന്നു.