Connect with us

Ongoing News

വാളകം കേസ്: ബാലകൃഷ്ണ പിള്ളയെയും സി ബി ഐ ചോദ്യം ചെയ്യും

Published

|

Last Updated

കൊട്ടാരക്കര: വാളകം കേസില്‍ ഗണേഷ് കുമാറിന് പുറമെ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിളളയെയും സി ബി ഐ ചോദ്യം ചെയ്യും. അടുത്ത ആഴ്ചയില്‍ ചോദ്യം ചെയ്യലുണ്ടാകുമെന്ന് സി ബി ഐ വൃത്തങ്ങള്‍ സൂചന നല്‍കി. ചൊവ്വാഴ്ചയായിരുന്നു കെ ബി ഗണേഷ്് കുമാര്‍ എം എല്‍ എയെ തിരുവനന്തപുരത്ത് സി ബി ഐ ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് കടക്കലിലെ ജോത്സ്യന്‍ ശ്രീകുമാര്‍, മകന്‍ സതീഷ്, സതീഷിന്റെ ഭാര്യ അനു, വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകന്‍ രാജശേഖരന്‍, കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയുടെ ബന്ധു അഞ്ചല്‍ സ്വദേശി ജോബ് എന്നിവരെ നേരത്തേ നുണ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിന്റെ ഫലം സി ബി ഐക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഗണേഷ് ഉള്‍പ്പടെ പ്രമുഖരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യാ മനോജ്, പ്രൈവറ്റ് സെക്രട്ടറി ബി പ്രദീപ് കുമാര്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഇനി പതിനഞ്ച് പേരെ കൂടി നുണ പരിശോധനക്ക് വിധേയമാക്കുവാനും തീരുമാനിച്ചിട്ടുമുണ്ട്.
അതേസമയം, കൃഷ്ണകുമാറിനെ ചൊവ്വാഴ്ച ബംഗളൂരുവില്‍ നിംസ് ഹാന്‍സില്‍ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. ഇന്നലെ വൈകിട്ടോടെയാണ് തിരികെ എത്തിച്ചത്. മെയില്‍ 14 ദിവസം ബംഗലൂരുവില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് കൃഷ്ണകുമാറിനെ വിധേയനാക്കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് ചൊവ്വാഴ്ച ചേര്‍ന്നത്. കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നെങ്കിലും കൃഷ്ണകുമാറിന് അപകടത്തില്‍ സംഭവിച്ച പരുക്കെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട് വന്നത്. വിവരാവകാശ നിയമ പ്രകാരം കൃഷ്ണകുമാറിന്റെ ഭാര്യ ഗീത മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എടുത്തപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കേരളത്തിന് പുറത്തുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വേണം അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ എന്നു കാട്ടി സി ബി ഐക്കും മറ്റും നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരുവില്‍ പരിശോധനക്ക് കൊണ്ടുപോയത്.
2011 സെപ്തംബര്‍ 27ന് രാത്രി 10 മണിയോടെയാണ് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത്. വാളകം എം എല്‍ എ ജംഗ്ഷനില്‍ പരുക്കേറ്റ് അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആര്‍ ബാലകൃഷ്ണ പിളളയുടെ ഉടമസ്ഥതയിലുളള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനാണ് കൃഷ്ണകുമാര്‍.

Latest