Connect with us

Articles

സുരക്ഷിത വിദ്യാലയം, സംശുദ്ധ വിദ്യാലയം

Published

|

Last Updated

കുടുംബവും വിദ്യാലയങ്ങളും സമൂഹവും വഴിവിളക്കുകളായി നിന്നെങ്കിലേ കുട്ടികളില്‍ സുരക്ഷിതത്വ ബോധം സൃഷ്ടിക്കാനും പുതിയ ലോകം സൃഷ്ടിക്കാനും അവര്‍ക്ക് കഴിയൂ. നിര്‍ഭാഗ്യമെന്ന് പറയട്ടെ, വീട്ടിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കുട്ടികള്‍ സുരക്ഷിതരല്ലന്ന തിരിച്ചറിവ് നമ്മെ ഭയചകിതരാക്കുന്നു. ഏറ്റവും സുരക്ഷിതരായിരിക്കേണ്ട ഇടങ്ങളില്‍ പോലും അവര്‍ പീഡിപ്പിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു.
നമ്മുടെ ബാല്യങ്ങളെയും കൗമാരങ്ങളെയും ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ലഹരി, മയക്കുമരുന്നുകളുടെ ഉപയോഗം. കലാലയ പരിസരങ്ങളെ ഈ മാഫിയയുടെ നീരാളിക്കൈകള്‍ വലയം ചെയ്തിരിക്കുന്നു എന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അതീവ ദോഷകരമായി ബാധിക്കുന്നതാണ് ലഹരിയുടെ ഉപയോഗം. ഇവയുടെ ദീര്‍ഘകാല ഉപയോഗം ബാല്യകൗമാരങ്ങളുടെ നൈസര്‍ഗികമായ എല്ലാ കഴിവുകളെയും മുരടിപ്പിക്കുകയും യുവത്വത്തിന്റെ ചൈതന്യത്തെ കെടുത്തുകയും ചെയ്യുന്നു. ഈ വിപത്തിനെതിരെ പോരാട്ടത്തിന് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് സേഫ് ക്യാമ്പസ്, കഌന്‍ ക്യാമ്പസ് പദ്ധതി.
മെട്രോനഗരങ്ങള്‍ മുതല്‍ ചെറിയ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും വരെ മയക്കുമരുന്ന് മാഫിയയുടെ വേരുകള്‍ ആഴ്ന്നു കിടക്കുന്നു. പുകയില, പുകയില ജന്യ ഉത്പന്നങ്ങള്‍ മദ്യം, തുടങ്ങി വിവിധ തരത്തിലുള്ള ലഹരി പദാര്‍ഥങ്ങള്‍ളുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുട്ടികളെ രക്ഷിച്ചേ മതിയാകൂ. കുട്ടികളുടെ പ്രത്യേകിച്ച് കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തില്‍ വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കളുടെതിന് തുല്യമായ പങ്കാണുള്ളത്. അതു കൊണ്ടു തന്നെയാണ് ലഹരി മരുന്ന് മാഫിയക്കെതിരായ പോരാട്ടം വിദ്യാലയങ്ങളില്‍ നിന്ന് തന്നെ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ബൃഹത്തും സമഗ്രവുമായ ഇടപെടലില്‍ കൂടി മാത്രമേ ലഹരി മാഫിയയുടെ പൈശാചിക ഹസ്തങ്ങളെ വെട്ടി നിരത്താന്‍ കഴിയൂ. കേവലം, ഉപരിപഌവമായ ചില മാറ്റങ്ങള്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കുമപ്പുറം ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം ഉയര്‍ത്തുന്ന എല്ലാ ഭീഷണികളെയും പൂര്‍ണമായും തുടച്ചുനീക്കുക എന്നതാണ് കഌന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ മഹാ വിപത്തിന്റെ പിടിയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ നിയമസംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗവും ആഴത്തിലുള്ള ബോധവത്കരണവും അനുയോജ്യമായ വിദ്യാലയാന്തരീക്ഷവും ഇഴചേര്‍ന്ന് നിന്നാല്‍ മാത്രമേ ഈ മഹത്തായ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയുകയുള്ളു.
ലഹരി ക്യാമ്പസുകളില്‍ നിന്ന് വേരോടെ പിഴുതുമാറ്റുക എന്നതോടൊപ്പം മറ്റ് ചില ലക്ഷ്യങ്ങള്‍ പദ്ധതിയില്‍ അന്തര്‍ലീനമായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സമ്പൂര്‍ണമായ ക്ഷേമം, അപകടരഹിത ക്യാമ്പസ്, ശാരീരികവും മാനസികവുമായ ചൂഷണങ്ങളില്‍ നിന്നുള്ള മോചനം എന്നീ ലക്ഷ്യങ്ങളും ഈ പദ്ധതിയില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നു. പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഇവയാണ്
1. ലഹരിമരുന്നായും മാനിസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായും ഉപയോഗിക്കുന്ന വസ്തുക്കളുടെ നിയമം, സിഗരറ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യ, വില്‍പ്പന, പ്രചാരണ നിയന്ത്രണ ആക്ട് -2003, മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, അബ്കാരി ആക്ട്, കേരള പോലീസ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 എന്നിവ സ്‌കൂള്‍ കോളജ് ക്യാമ്പസുകളില്‍ ഫലപ്രദമായി നടപ്പാക്കുക, ഇതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും അതില്‍ പങ്കാളികളാക്കിക്കൊണ്ടായിരിക്കും ഇവ ഫലപ്രദമായി നടപ്പാക്കുക.
2. സാമൂഹികവിരുദ്ധരില്‍ നിന്നും അക്രമികളില്‍ നിന്നും കുട്ടികള്‍ക്ക് സംരക്ഷണ വലയമൊരുക്കുക.
3. കുട്ടികളുടെ ഇടയില്‍ ലഹരി പദാര്‍ഥങ്ങളുടെയും മദ്യത്തിന്റെയും പുകയിലയുടെയും ദോഷകരമായ മറ്റുത്പന്നങ്ങളുടെയും സ്വാധീനം കുറക്കുകയും അതിലൂടെ അവര്‍ക്ക് നല്ല വ്യക്തിത്വവും, സാമൂഹികവബോധവും പകര്‍ന്ന് നല്‍കി കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക.
4. വിദ്യാലയ പരിസരങ്ങളില്‍ യാത്രാ സുരക്ഷിതത്വം ഉറപ്പ് വരുത്തുക.
5. വിദ്യാര്‍ഥികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും മോചിപ്പിക്കുകയും അശ്ലീല ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും ലഭ്യത പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുക.
6. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പ് വരുത്തുക.
7. നിയമസംവിധാനങ്ങളെ അനുസരിച്ച് ജീവിക്കാനുള്ള അവബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക.
8. കുട്ടികളിലെ ആശാസ്യമല്ലാത്തതും സാമൂഹികവിരുദ്ധവുമായ പെരുമാറ്റങ്ങള്‍ കണ്ടെത്തി അവ തിരുത്താനുള്ള അവസരം ഒരുക്കുക.
9. ക്ലാസുകളില്‍ ഹാജരാകാതെ കറങ്ങി നടക്കുന്ന സ്വഭാവത്തില്‍ നിന്ന് ഫലപ്രദമായി അവരെ തടയുക.
10. കുട്ടികളോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ മാതാപിതാക്കളെയും അധ്യാപകരെയും പ്രേരിപ്പിക്കുക.
11. പൊലീസ്, സാമൂഹിക നീതി, വിദ്യാഭ്യാസം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സര്‍ക്കാരിതര സംഘടനകളുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പ് വരുത്തുക.
കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, 12-ാം ക്ലാസ് വരെയുള്ള സി ബി എസ് ഇ, ഐ സി എസ് സി സ്‌കൂളുകള്‍ അടക്കം പതിനാലായിരത്തോളം സ്‌കൂളുകളിലെ 55 ലക്ഷത്തോളം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി പ്രവര്‍ത്തനോത്മുഖമാകുന്നത്. എക്‌സൈസ്, ട്രാന്‍സ്‌പോര്‍ട്ട്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വ്യാപാരി വ്യവസായികള്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, റെസിഡന്റ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെയും സജീവ പങ്കാളിത്തത്തോടെ സാക്ഷാല്‍ക്കരിക്കാനാണ് ശ്രമം.സ്‌കൂള്‍ സംരക്ഷണ ഗ്രൂപ്പുകള്‍, സ്‌കൂള്‍ സംരക്ഷണ കമ്മിറ്റികള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, റോഡ് സേഫ്റ്റി ക്ലബുകള്‍, എന്‍ സി സി , സ്‌കൗട്ട്, മയക്കു മരുന്നുവിരുദ്ധ സമിതികള്‍, പെണ്‍കുട്ടികളുടെ സംരക്ഷണ സമിതികള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സേഫ് ക്യാമ്പസ് കഌന്‍ ക്യാമ്പസ് പ്രചാരണം വിപുലമാക്കും
മൂന്ന് തല കമ്മിറ്റികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രിന്‍സപ്പില്‍മാര്‍/ പ്രധാന അധ്യാപകര്‍ നേതൃത്വം നല്‍കുന്ന സ്‌കൂള്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍, ജില്ലാ കലക്റ്റര്‍മാര്‍ നേതൃത്വം നല്‍കുന്ന ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റികള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി(ആഭ്യന്തരം) നേതൃത്വം നല്‍കുന്ന സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റി.
സ്‌കൂള്‍ തല സമിതികളില്‍ പ്രധാനാധ്യാപകനെക്കൂടാതെ സ്ഥലത്തെ പോലീസ് സബ് ഇന്‍സ്പക്ടര്‍, വാര്‍ഡ് കൗണ്‍സിലര്‍, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ പ്രതിനിധികള്‍, ബീറ്റ് പോലീസ് ഓഫീസര്‍, കമ്യുനിറ്റി പോലീസ് ഓഫീസര്‍, പി ടി എ പ്രസിഡന്റും രണ്ട് അംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളിലെയും വിവിധ ട്രേഡ് യൂനിയനുകളിലെയും സംസ്‌കാരിക സംഘടനകളിലെയും റെസിഡന്റ്‌സ് അസോസിയേഷനുകളിലെയും പ്രതിനിധികളും ഉണ്ടായിരിക്കും. സ്‌കൂള്‍ തല മോനിറ്ററിംഗ് കമ്മിറ്റികള്‍ മാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേര്‍ന്നിരിക്കണം. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റികള്‍ അവലോകനം ചെയ്തു കൊണ്ടിരിക്കും.
സേഫ് ക്യാമ്പസ് ക്ലീന്‍ കാമ്പസ് പദ്ധതി പ്രചാരണത്തിന്റെ കോ ഓര്‍ഡിനേഷന്റെ ചുമതല സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കായിരിക്കും. ലഹരി പദാര്‍ഥങ്ങളുടെ വ്യാപനത്തിനെതിരേയുള്ള കഌന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പ്രതിജ്ഞ, എക്‌സിബിഷനുകള്‍, ബോധവത്കരണ പരിപാടികള്‍, പരസ്യങ്ങള്‍ തുടങ്ങിയവ ഇവരുടെ ചുമതലയിലായിരിക്കും.
സംസ്ഥാനത്തെ പോലീസ് സംവിധാനം ലഹരി – മയക്കുമരുന്ന് ലോബിക്കെതിരെ കര്‍ശനമായ നടപടികളുമായി മുമ്പോട്ട് പോകും. സ്‌പെഷ്യല്‍ ബ്രാഞ്ച് – ഇന്റലിജന്‍സ് വിഭാഗങ്ങളുടെ സഹകരണത്തോടെയും സജീവ പങ്കാളിത്തത്തോടെയുമായിരിക്കും പൊലീസിന്റെ സുശക്തമായ നടപടികള്‍. നമ്മുടെ കുട്ടികളെ ലഹരി മയക്കുമരുന്ന് മാഫിയയുടെയും സാമൂഹികവിരുദ്ധ ശക്തികളുടെയും ഇരുള്‍ വലയത്തില്‍ നിന്നകറ്റി വെളിച്ചത്തിന്റെയും വിജ്ഞാനത്തിന്റെയും വിവേകത്തിന്റയും പുതിയ പ്രഭാതത്തിലേക്ക് കൈപിടിച്ച് നടത്തിക്കാനുള്ള സര്‍ക്കാരിന്റെ അക്ഷീണമായ പരിശ്രമത്തിന്റെ ഭാഗമാണിത്.